സിക്കിം തുരങ്കദുരന്തം, മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

 
233333

കോട്ടയം: സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചുകൊണ്ടിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ജിയോളജിസ്റ്റും എൻ.എച്ച്.പി.സി. സീനിയർ മാനേജരുമായ മണർകാട് ഇല്ലിവളവ് കൊച്ചുമറ്റം കൂരോത്ത്പറമ്പിൽ അനീഷ് മോഹന്റെ (43) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സിക്കിമിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് മൃതദേഹവുമായി ആംബുലൻസ് കൊൽക്കത്ത വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

കൊൽക്കത്ത വിമാനത്താവളത്തിൽ മൃതദേഹം എംബാം ചെയ്യുന്നതിനുള്ള മൊബൈൽ യൂണിറ്റ് നോർക്കയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. അവിടെനിന്ന് വിമാനമാർഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ശേഷം ആംബുലൻസിൽ കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോകും. കൊച്ചുമറ്റത്തെ കുടുംബവീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം നടക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ നോർക്ക ഏകോപിപ്പിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് തെക്കൻ സിക്കിമിലെ നാംചി ജില്ലയിൽ നിർമിച്ചുകൊണ്ടിരുന്ന തുരങ്കം തകർന്നത്. ബുധനാഴ്ച അർധരാത്രിയോടെയാണ് അനീഷിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതുവരെ 20 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്ത3െങ്കിലും അഞ്ച് പേരെ കൂടി കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ദേശീയ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി.) ഉദ്യോഗസ്ഥരും നിർമാണക്കരാർ ഏറ്റെടുത്ത കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളും ഉൾപ്പെടെ നിരവധി പേരാണ് അപകടസമയത്ത് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്.

കോട്ടയം ഗവൺമെന്റ് കോളേജിൽ നിന്ന് ജിയോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അനീഷ്, 2011-ലാണ് എൻ.എച്ച്.പി.സിയിൽ ജോലിയിൽ പ്രവേശിച്ചത്. ഹരിയാനയിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഏഴുമാസം മുൻപാണ് സിക്കിമിലേക്ക് സ്ഥലംമാറിയത്. ഭാര്യ ഡോ. സംഗീതയും മക്കളായ അർണവും കാർത്യായനിയും നിലവിൽ തൃപ്പൂണിത്തുറയിലാണ് താമസം. മണർകാട്ടെ വീട്ടിൽ വിരമിച്ച അധ്യാപകരായ അച്ഛൻ പി.കെ. മോഹനനും അമ്മ അമ്മിണിക്കുട്ടിയും കഴിയുന്നുണ്ട്.

Tags

Share this story

From Around the Web