സിക്കിം തുരങ്ക അപകടം, കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റ് അനീഷ് മോഹനായി തിരച്ചിൽ തുടരുന്നു
ന്യൂഡൽഹി: സിക്കിമിലെ നാംചിയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി. കോട്ടയം മണർകാട് ഇല്ലിവളവ് സ്വദേശിയായ അനീഷ് മോഹനെയാണ് (43) അപകടത്തെ തുടർന്ന് കാണാതായത്.
2010 മുതൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ (NHPC) ജോലി ചെയ്ത് വരികയായിരുന്ന അനീഷ്, നിലവിൽ റിമോട്ട് സെൻസിംഗ് വിഭാഗം മാനേജരായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
തിങ്കളാഴ്ചയാണ് തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ മണ്ണിടിച്ചിലുണ്ടായതെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച രാത്രിയോടെയാണ് അപകട വിവരം നാട്ടിലുള്ള ബന്ധുക്കൾ അറിയുന്നത്. കോട്ടയത്തെ വീട്ടിൽ മാതാപിതാക്കൾ മാത്രമാണ് നിലവിലുള്ളത്. അപകട വിവരമറിഞ്ഞ് ദുബായിലുള്ള സഹോദരനും അനീഷിന്റെ ഭാര്യ സംഗീതയും ഉമടൻ തന്നെ ഡൽഹിയിലെത്തിയിട്ടുണ്ട്.
പ്രശസ്തനായ ഒരു സയൻസ് വ്ലോഗർ കൂടിയാണ് കാണാതായ അനീഷ്. നിലവിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് സിക്കിമിൽനിന്നുള്ള വിവരം.