ബംഗാളിൽ ഭരണമാറ്റ സൂചന; കേവല ഭൂരിപക്ഷം കടന്ന് ബിജെപി, മമതയ്ക്ക് കനത്ത വെല്ലുവിളി!

 
Bjp

കൊല്‍ക്കത്ത: രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയത്തിലേക്ക് കുതിച്ച് ബിജെപി. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ പുറത്തുവരുന്ന സൂചനകള്‍ പ്രകാരം ബിജെപി കേവല ഭൂരിപക്ഷത്തിനുള്ള 148 എന്ന മാന്ത്രിക സംഖ്യ മറികടന്നു.

പത്തൊന്‍പത് വര്‍ഷത്തെ മമത ബാനര്‍ജിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് ബംഗാള്‍ കാവി പുതയ്ക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍.

294 അംഗ നിയമസഭയില്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം 157 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 127 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് കടുത്ത പോരാട്ടം കാഴ്ചവെക്കുന്നുണ്ട്.

ബിജെപി മുന്നേറ്റം പ്രകടമായതോടെ, 'ബംഗാളിലെ അഭ്യസ്തവിദ്യരായ ഹിന്ദുക്കള്‍ മമത ബാനര്‍ജിയെ തള്ളിക്കളഞ്ഞു' എന്ന് നന്ദിഗ്രാമിലെ കരുത്തനായ ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം ബംഗാള്‍ കണ്ട ഏറ്റവും ഉയര്‍ന്ന പോളിംഗ് നിരക്കാണ് (92.47%) ഇത്തവണ രേഖപ്പെടുത്തിയത്. ഈ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

വോട്ടെടുപ്പിനിടെ നടന്ന ഗുരുതരമായ ക്രമക്കേടുകളെത്തുടര്‍ന്ന് സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഫാള്‍ട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ഇവിടെ മെയ് 21-ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിച്ചിരുന്നു. ആ പ്രവചനങ്ങളെ ശരിവെക്കുന്ന രീതിയിലാണ് നിലവിലെ ഫലസൂചനകള്‍.

സംസ്ഥാനത്തെ 77 കേന്ദ്രങ്ങളിലായി കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. തുടക്കത്തില്‍ തൃണമൂല്‍ ലീഡ് ചെയ്‌തെങ്കിലും ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ബിജെപി ലീഡ് ഉയര്‍ത്തുകയായിരുന്നു. വരും മണിക്കൂറുകളില്‍ മമത ബാനര്‍ജിക്ക് അട്ടിമറി വിജയം നേടാനാകുമോ അതോ ബംഗാള്‍ ബിജെപി പിടിച്ചെടുക്കുമോ എന്ന് വ്യക്തമാകും.

Tags

Share this story

From Around the Web