കുരിശ് രക്ഷയുടെ അടയാളം : പരിശുദ്ധ കാതോലിക്കാ ബാവാ മലങ്കരസഭാ ദേവാലയങ്ങളിൽ സ്ലീബാ പെരുന്നാൾ ആഘോഷിച്ചു

 
sleeba

കോട്ടയം: ക്രിസ്തുവിനെപ്പോലെ മറ്റുള്ളവർക്ക് വേണ്ടി കുരിശ് വഹിക്കുവാൻ നാമും സന്നദ്ധരാകണമെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രക്ഷയുടെ അടയാളമായ കുരിശിന് ഹൃദയത്തിൽ ഇടമൊരുക്കണമെന്നും ബാവാ പറഞ്ഞു.

സ്ലീബാപെരുന്നാൾ ദിനത്തിൽ മലങ്കരസഭാ ആസ്ഥാനത്ത് വിശുദ്ധ കുർബാനയർപ്പിച്ച് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.

എ.ഡി നാലാം നൂറ്റാണ്ടിൽ കുസ്തന്തീനോസ് രാജാവിന്റെ മാതാവ് ഹെലനി രാജ്ഞി ക്രിസ്തുവിനെ ക്രൂശിച്ച കുരിശ് കണ്ടെടുത്തതിന്റെ ഓർമ്മയെയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ സ്ലീബാ പെരുന്നാളായി ആചരിക്കുന്നത്.

മലങ്കരസഭയുടെ ദേവാലയങ്ങളിൽ സ്ലീബാ പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകൾ നടന്നു. ദേവലോകം അരമനയിൽ പ്രദക്ഷിണത്തിനും, സ്ലീബാ ആഘോഷത്തിനും വെരി.റവ.യാക്കോബ് തോമസ് റമ്പാൻ സഹകാർമ്മികത്വം വഹിച്ചു.

കാതോലിക്കേറ്റ് സ്ഥാപന വാർഷികം ഇന്ന് 

മലങ്കരയിൽ സ്വയംശീർഷകത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ 114ാം വാർഷികം ഇന്ന്. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരം.

7 മണിക്ക് വിശുദ്ധ കുർബാനയ്ക്ക് വെരി.റവ.യാക്കോബ് തോമസ് റമ്പാൻ മുഖ്യകാർമ്മികത്വം വഹിക്കും. വിശുദ്ധ കുർബാനയ്ക്കും, പരിശുദ്ധ പിതാക്കൻമാരുടെ കബറിടങ്ങളിലെ ധൂപപ്രാർത്ഥനയ്ക്കും ശേഷം സഭാ ആസ്ഥാനത്ത് കാതോലിക്കേറ്റ് പതാക ഉയർത്തും. ‌

Tags

Share this story

From Around the Web