പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ സഹോദരങ്ങള്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചതല്ല; കൊന്നത് താനെന്ന് മാതാവിന്റെ കുറ്റസമ്മതം

 
palakkad



പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കുട്ടികളുടെ മാതാവ് നിവേദ്യ പൊലീസിന് മുന്നില്‍ കുറ്റം സമ്മതിച്ചു.

കൊഴിഞ്ഞാമ്പാറ സ്വദേശി ജോണ്‍ കുമാറിന്റെ മക്കളായ അഞ്ചു വയസ്സുകാരി ജനിഫര്‍ ജൂലിയറ്റ്, മൂന്നു വയസ്സുകാരന്‍ റോബിന്‍ ക്രിസ്റ്റഫര്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടിനകത്തെ കുളിമുറിയിലെ സിമന്റ് വാട്ടര്‍ ടാങ്കിനുള്ളില്‍ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ പിതാവ് ജോലിക്ക് പോയിരുന്നതിനാല്‍ മാതാവ് നിവേദ്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. 

എന്നാല്‍, അഞ്ചു വയസുകാരിയായ പെണ്‍കുട്ടിക്ക് തനിയെ രക്ഷപ്പെടാന്‍ സാധിക്കുന്ന രീതിയിലുള്ള ചെറിയ ടാങ്കായിരുന്നിട്ടും മുങ്ങിമരണം സംഭവിച്ചതില്‍ പൊലീസിന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് മാതാവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 

ദമ്പതികള്‍ തമ്മില്‍ സ്ഥിരമായി കുടുംബവഴക്ക് നടക്കാറുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

Tags

Share this story

From Around the Web