ശുഭാംശു ശുക്ല ഇന്ത്യയിൽ; വിമാനത്താവളത്തിൽ വൻ സ്വീകരണം

 
Sukla

ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ല രാജ്യത്ത് തിരിച്ചെത്തി. ഇന്ന് പുലർച്ചയോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. കുടുംബാംഗങ്ങളും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.എസ്.ആർ.ഒ. ചെയർമാൻ വി. നാരായണൻ എന്നിവരും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.


ദേശീയ പതാകയുമായി നിരവധി പേർ വിമാനത്താവളത്തിൽ തടിച്ചുകൂടിയിരുന്നു. രാജ്യത്തെ ജനങ്ങളെയും കുടുംബത്തെയും കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിൽ വ്യക്തമാക്കി. “ജീവിതം ഇതാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കുറിച്ചു.

ജൂൺ 26-ന് ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായാണ് ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലെത്തിയത്. സ്പേസ് എക്സ് ഡ്രാഗണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ നാലംഗ സംഘത്തിലെ ഒരാളായിരുന്നു അദ്ദേഹം. രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശ യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനെന്ന അതുല്യമായ നേട്ടവും ശുഭാംശു സ്വന്തമാക്കി. കൂടാതെ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ കാലം ചെലവഴിച്ച ഇന്ത്യക്കാരനും അദ്ദേഹമാണ്.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് സ്വദേശമായ ലഖ്‌നൗവിലേക്ക് മടങ്ങുന്ന ശുഭാംശുവിന് അവിടെയും ഗംഭീര സ്വീകരണം ഒരുക്കിയിട്ടുണ്ട്. ലഖ്‌നൗവിലെ സിറ്റി മോണ്ടിസോറി സ്കൂളിൽ ഈ മാസം 25-ന് അദ്ദേഹത്തിന് സ്വീകരണം നൽകും.

കൂടാതെ ഈ മാസം 23-ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കും. 2027-ൽ നടത്താൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാനിലും ശുഭാംശു ശുക്ല ഒരു പ്രധാന അംഗമാണ്.

Tags

Share this story

From Around the Web