ശുഭാംശു ശുക്ലയും സംഘവും ജൂലൈ 10ന് തിരികെ ഭൂമിയിലേക്ക്

 
sukla


ന്യൂഡല്‍ഹി: ആക്സിയം4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശനിലയത്തിലെത്തി ചരിത്രം കുറിച്ച ശുഭാംശു ശുക്ലയും സംഘവും രണ്ടാഴ്ചത്തെ വാസത്തിന് ശേഷം ജൂലൈ 10ന് മടങ്ങിയെത്തുമെന്ന് റിപോര്‍ട്ട്.

കലിഫോര്‍ണിയയ്ക്ക് സമീപമുള്ള പസഫിക്ക് സമുദ്രത്തിലാകും സംഘത്തിന്റെ ഡ്രാഗണ്‍ പേടകം പതിക്കുക എന്നാണ് വിവരം.അവിടെ നിന്നും കെന്നഡി സ്പേസ് സെന്ററില്‍ എത്തിക്കും. അതേ സമയം നിലവില്‍ തിരിച്ചിറങ്ങുന്ന സമയം നിശ്ചയിച്ചിട്ടില്ല. കാലാവസ്ഥയും മറ്റ് പല ഘടകങ്ങളും പരിഗണിച്ചായിരിക്കും തിരിച്ചിറങ്ങുന്ന സമയം നിശ്ചയിക്കുന്നത്.


ജൂണ്‍ 26നാണ് ശുഭാംശുവും സംഘവും നിലയത്തിലെത്തിയത്.ജൂലൈ 3 വരെയുള്ള കാലയളവില്‍ സംഘം ഭൂമിക്കു ചുറ്റും 113 ഭ്രമണങ്ങള്‍ പൂര്‍ത്തിയാക്കി.നിലവില്‍ സംഘം പരീക്ഷണങ്ങളുടെ അവസാനഘട്ടത്തിലേക്കാണ്. 

ശനിയാഴ്ച ശുക്ല നിലയത്തിലെ കപ്പോളയില്‍ നിന്നും ഭൂമിയുടെ നിരവധി ചിത്രങ്ങളെടുത്തു. ഗുരുത്വബലം കുറഞ്ഞയിടത്ത് ആല്‍ഗകളുടെ വളര്‍ച്ച, ടാര്‍ഡിഗ്രേഡുകളുടെ ബഹിരാകാശ അതിജീവനം തുടങ്ങിയവയിലാണ് ശുഭാംശു പരീക്ഷണം നടത്തുന്നത്.

സൂക്ഷ്മ ജീവി സാന്നിധ്യം, പേശികളിലും അസ്ഥികളിലുമുണ്ടാകുന്ന മാറ്റങ്ങള്‍, നിലയത്തിലെ വികിരണം, കാഴ്ച തുടങ്ങിയവയിലും ശുഭാംശു പഠനം നടത്തിയിട്ടുണ്ട്.നാളെ ആക്സിയം സ്‌പേസ് ചീഫ് സയന്റിസ്റ്റുമായി ശുഭാംശുവും സംഘവും സംവദിക്കും.

Tags

Share this story

From Around the Web