ശുഭാംശുവിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഐഎസ്ആര്‍ഒ; ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി
Jul 17, 2025, 15:28 IST

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ആരോഗ്യവാനെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിന് ബഹിരാകാശ യാത്രയ്ക്ക് ശേഷം ശാരീരികമോ മാനസികമോ ആയ പ്രയാസങ്ങളൊന്നുമില്ല എന്ന് ഇസ്രൊ സ്ഥിരീകരിച്ചു.
ഇപ്പോൾ ശുഭാംശു ശുക്ലയുടെ ആദ്യഘട്ട പരിശോധനകളും ഡീ ബ്രീഫിംഗും പൂർത്തിയായിരിക്കുകയാണ്. ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്‍ററിലാണ് ശുഭാംശു ഉള്ളത്. ശുഭാംശുവിന്‍റെ കുടുംബവും, ബാക്കപ്പായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായരും ഒപ്പമുണ്ട്. ഹൂസ്റ്റണില്‍ ഐഎസ്ആർഒയുടെ ഫ്ലൈറ്റ് സർജനും നാസയിലെ വിദഗ്‌ധർക്കൊപ്പം ശുഭാംശു ശുക്ലയെ നിരീക്ഷിക്കുകയാണ്.