കരുണ കാണിക്കൂ, അനുകമ്പ കാണിക്കൂ, ഈ യുദ്ധം ഒന്നു അവസാനിപ്പിക്കൂ' :ഗാസയിലെ ഏക കത്തോലിക്ക വൈദികനായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി

ഗാസ: 'ഇവിടെ എല്ലാവരും കരുണയ്ക്കായി അപേക്ഷിക്കുകയാണ്, കരുണ കാണിക്കൂ, അനുകമ്പ കാണിക്കൂ, ഈ യുദ്ധം ഒന്നു അവസാനിപ്പിക്കൂ' ??ഗാസയിലെ ഏക കത്തോലിക്ക വൈദികനായ ഫാ. ഗബ്രിയേല്‍ റൊമാനെല്ലി കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയില്‍ പറഞ്ഞ വാക്കുകളാണ്.
ഇസ്രായേല്‍ പാലസ്തീനിലും ഗാസയിലുമായി നടത്തുന്ന നരനായാട്ടിനെതിരെ കനത്ത പ്രതിഷേധമാണ് ആഗോള തലത്തില്‍ ഉയരുന്നത്.
ഇതിനിടെയാണ് സമാധാനത്തിന് വേണ്ടി അപേക്ഷയുമായി ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ തിരുകുടുംബ ദേവാലയത്തിന്റെ വികാരി രംഗത്ത് വന്നിരിക്കുന്നത്.
''ഇവിടെ ശരിക്കും ഭയാനകമായ കഥകളാണുള്ളത്. ആളുകള്‍ വളരെയധികം ദുഃഖിതരാണ്, എല്ലാവരോടും കരുണ കാണിക്കാനും ദൈവത്തിന് മുന്നില്‍ കരുണ പ്രകടിപ്പിക്കാനും അവര്‍ അപേക്ഷിക്കുന്നു, ദൈവസ്‌നേഹത്തെപ്രതി ഈ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാവരോടും കരുണ കാണിക്കാനും അവര്‍ അപേക്ഷിക്കുന്നു.
ഗാസയില്‍ ബോംബാക്രമണം തുടരുകയാണ്. സ്‌ഫോടനങ്ങള്‍ 200, 300 മീറ്റര്‍ മാറി സംഭവിക്കുന്നുണ്ട്. സ്‌ഫോടനത്തിന്റെ ശബ്ദം വളരെ ഉച്ചത്തില്‍ മുഴങ്ങുന്നു, അവരുടെ അടുത്തിരിക്കുന്നവരോ ആ സ്ഥലങ്ങളിലുള്ളവരോ ആയ ആളുകള്‍ക്ക് അത് എങ്ങനെ ബാധിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. എല്ലാ ദിവസവും കൂടുതല്‍ മരണങ്ങളും ഉണ്ടാകുന്നു.
പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് എന്തു പറയണമെന്ന് ചിലപ്പോള്‍ തനിക്ക് അറിയില്ല. സമാധാനത്തിനു വേണ്ടി യഥാര്‍ത്ഥ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. എടുത്ത മോശം തീരുമാനങ്ങള്‍ തിരുത്തിയെഴുതിയിട്ടില്ല.
തങ്ങളുടെ പൂര്‍വ്വികര്‍ ജനിച്ചതും അവര്‍ക്ക് അവകാശമുള്ളതുമായ വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പോലും അനുമതിയില്ലാതെ ആയിരിക്കുന്നു. ലെയോ പതിനാലാമന്‍ മാര്‍പാപ്പയും ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസായ കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ലയും സമാധാനത്തിനായി നടത്തുന്ന ഇടപെടലുകള്‍ക്കു നന്ദിയര്‍പ്പിക്കുന്നതായും ഫാ. ഗബ്രിയേല്‍ റൊമാനെല്ലി പറഞ്ഞു.
പ്രതിസന്ധിയുടെ ഈ കാലയളവില്‍ വിവിധ മതവിശ്വാസികളായ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക്, അഭയം ഒരുക്കിയും ഭക്ഷണവും മറ്റു വസ്തുക്കളും നല്‍കി ചേര്‍ത്തുപിടിക്കുന്ന ഇടവകയാണ് ഫാ. ഗബ്രിയേല്‍ റൊമാനെല്ലി അധ്യക്ഷനായ ഹോളി ഫാമിലി ദേവാലയം.