ജീവനക്കാരുടെ കുറവ്; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷാ പരിശോധനകള്‍ താളംതെറ്റുന്നു, ജയിലില്‍ നിന്ന് തുടര്‍ച്ചയായി നിരോധിത വസ്തുക്കള്‍ പിടിച്ചെടുക്കുന്നു
കണ്ണൂര്‍: ജീവനക്കാരുടെ കുറവ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ പരിശോധനകളെ ബാധിക്കുന്നു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്താത്തതും നിലവിലുള്ള ജീവനക്കാരില്‍ ഒരു വിഭാഗം പരിശീലനത്തിനും മറ്റ് ജോലികള്‍ക്കുമായി മാറിനില്‍ക്കുന്നതുമാണ് പ്രതിസന്ധിക്ക് കാരണം.
ജയിലില്‍ നിലവില്‍ 10 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ ഒഴിവുകളുണ്ട്. ഒമ്പത് എപിഒമാര്‍ പരിശീലനത്തിനായി പോയിരിക്കുകയാണ്. ജോലി ക്രമീകരണത്തിന്റെ ഭാഗമായി രണ്ട് എപിഒമാര്‍ മറ്റ് സ്ഥലങ്ങളിലും ജോലി ചെയ്യുന്നു. ഇതോടെ ജയിലിലെ ദൈനംദിന സുരക്ഷാ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള ചുമതലകള്‍ പ്രതിസന്ധിയിലായി.
അതിനിടെ ജയിലില്‍ നിന്ന് തുടര്‍ച്ചയായി നിരോധിത വസ്തുക്കള്‍ പിടികൂടുന്നതും ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്. ഈ മാസം മാത്രം രണ്ട് തവണ ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണുകളും കണ്ടെത്തി. കഴിഞ്ഞ മാസങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായിരുന്നു.
ജയിലിനുള്ളിലേക്ക് നിരോധിത വസ്തുക്കള്‍ എത്തുന്നത് തടയാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ കോടതികളിലും മറ്റും പോയി ജയിലില്‍ തിരിച്ചെത്തുന്ന തടവുകാരുടെ ദേഹപരിശോധന കാര്യക്ഷമമായി നടത്താന്‍ കഴിയുന്നില്ല.
കൂടാതെ, പ്രതികളെ കോടതികളിലേക്ക് കൊണ്ടുപോകാന്‍ എആര്‍ ക്യാംപില്‍ നിന്ന് പൊലീസുകാരെ ലഭിക്കാത്ത സാഹചര്യവുമുണ്ട്.
ഇതോടെ പ്രതികളുടെ കോടതി യാത്രയുടെ ചുമതലയും ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ ഏറ്റെടുക്കേണ്ടിവരുന്നു. ജീവനക്കാരുടെ കുറവ് ജയിലിന്റെ സുരക്ഷാ സംവിധാനങ്ങളെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഒരുപോലെ ബാധിക്കുകയാണ്.