നൈജറിൽ മാമ്മോദീസ ചടങ്ങിനു നേരെ വെടിവെയ്പ്പ്; 22 പേർ കൊല്ലപ്പെട്ടു

 
Niger

നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിൽ മാമ്മോദീസച്ചടങ്ങിനു നേരെ ഉണ്ടായ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 

മാലി, ബുർക്കിന ഫാസോ രാജ്യങ്ങളോടു ചേർന്ന രാജ്യത്തിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള തില്ലാബേരി മേഖലയിലെ ഗ്രാമത്തിലാണ് ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്.

 മോട്ടോർസൈക്കിളിലെത്തിയ അക്രമികൾ മാമ്മോദീസച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നവർക്കു നേർക്ക് വെടിയുതിർക്കുകയായിരുന്നു.

15 പേരാണ് ഇവിടെ മരിച്ചത്. ഇവിടെനിന്നു പോയ അക്രമികൾ മറ്റു സ്ഥലങ്ങളിൽ നടത്തിയ വെടിവയ്പിൽ ഏഴു പേരും കൊല്ലപ്പെട്ടു. 

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകളും അൽക്വയ്ദ തീവ്രവാദികളും സജീവമായ മേഖലയിലാണ് ആക്രമണം. 

നൈജറിൽ മാർച്ച് മാസം മുതലുള്ള ആക്രമണങ്ങളിൽ മുസ്‌ലിംകൾ അടക്കം 127 പേർ കൊല്ലപ്പെട്ടുവെന്നാണു ഹ്യൂമൻ റൈറ്റ് വാച്ച് സംഘടന അറിയിച്ചിരിക്കുന്നത്.

നൈജർ, ബുർക്കിന ഫാസോ, മാലി രാജ്യങ്ങളിലെ പട്ടാള ഭരണകൂടങ്ങൾക്ക് ഭീകരരെ അമർച്ച ചെയ്യാൻ കഴിയാത്തത് ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്. ഇതിന്റെ ഉദാഹരണമായാണ് സംഭവത്തെ വിശേഷിപ്പിക്കുന്നത്. 

നൈജറിൽ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണം വർദ്ധിച്ചുവരികയാണ്.

 സൈന്യം അധികാരം പിടിച്ചെടുത്ത് ഒരു വർഷത്തിലേറെയായിട്ടും സാധാരണക്കാരെ സംരക്ഷിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടതിനെ മനുഷ്യാവകാശ ഗ്രൂപ്പുകളും പ്രാദേശിക സംഘടനകളും അപലപിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Tags

Share this story

From Around the Web