ഇറാനിൽ ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനം; ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്ത്യാനിയായ 41 കാരിക്ക് പത്ത് വർഷം തടവ്
ടെഹ്‌റാൻ: സ്വന്തം വിശ്വാസം തെരഞ്ഞെടുത്തതിന്റെ പേരിൽ ഒരു സ്ത്രീക്ക് പത്ത് വർഷത്തോളം ഇരുട്ടറ. ഇറാനിൽ ഇസ്ലാം മതം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ഗസൽ മാർസ്ബാൻ (41) എന്ന യുവതിയെയാണ് ഇസ്ലാമിക് റെവല്യൂഷണറി കോടതി ക്രൂരമായ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഒമ്പത് വർഷവും എട്ട് മാസവുമാണ് യുവതി ജയിലിൽ കഴിയേണ്ടി വരിക.
ഭരണകൂടത്തിന്റെ കണ്ണ് വെട്ടിച്ച് രഹസ്യമായി ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരെ ഇറാൻ എത്രത്തോളം വേട്ടയാടുന്നു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഈ വിധി.
മതപരിവർത്തനം നടത്തിയതിന് പിന്നാലെ ഭരണകൂടത്തിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത പീഡനങ്ങൾക്ക് എതിരെ ഗസൽ ധീരമായി പ്രതികരിച്ചിരുന്നു. തനിക്കു നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ചെയ്തതിന് 2024 നവംബറിൽ ഇവരെ രണ്ട് മാസം തടവിലിട്ടിരുന്നു.
ജയിൽ മോചിതയായെങ്കിലും വേട്ടയാടൽ അവസാനിച്ചില്ല. കഴിഞ്ഞ ജനുവരി 15 ന് ഇവരെ വീണ്ടും അറസ്റ്റ് ചെയ്യുകയും കൈവശമുണ്ടായിരുന്ന ബൈബിളും മറ്റ് വിശുദ്ധ പുസ്തകങ്ങളും അധികൃതർ ബലമായി പിടിച്ചെടുക്കുകയുമായിരുന്നു.
"ഭരണകൂടത്തിന്റെ ക്രൂരമായ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് താൻ പ്രതിഷേധത്തിനിറങ്ങിയതെന്ന് ഗസൽ വ്യക്തമാക്കിയതായി" ക്രൈസ്തവ വേട്ടകൾ നിരീക്ഷിക്കുന്ന ആഗോള ഏജൻസിയായ 'ആർട്ടിക്കിൾ 18' റിപ്പോർട്ട് ചെയ്യുന്നു.
9.2 കോടിയിലധികം ജനസംഖ്യയുള്ള ഇറാനിൽ വെറും 8 ലക്ഷത്തോളം ക്രൈസ്തവർ മാത്രമാണുള്ളത്. മനുഷ്യാവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ക്രൈസ്തവരെ ഇല്ലാതാക്കാൻ കടുത്ത നിയമങ്ങളാണ് രാജ്യം നടപ്പിലാക്കുന്നത്. എന്നാൽ വിചിത്രമായ കാര്യം ഭരണകൂടം വിലങ്ങുകൾ വെക്കുമ്പോഴും ഇറാനിൽ ആയിരക്കണക്കിന് ആളുകൾ രഹസ്യമായി ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തു മതത്തിലേക്ക് മാറുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.