മീൻ കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റു; വയനാട് പടിഞ്ഞാറത്തറ കർഷകന് മരണം
വയനാട്: വയനാട് പടിഞ്ഞാറത്തറ കർഷകൻ ഷോക്കേറ്റ് മരിച്ചു. മഞ്ഞൂറ സ്വദേശി ബെന്നിയാണ് മരിച്ചത്. മീൻ വളർത്തുന്ന കുളത്തിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
മലപ്പുറത്ത് ഒഴുക്കിൽപ്പെട്ട് നാലുവയസുകാരൻ മരിച്ചു. കൊണ്ടോട്ടി നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട ആദം അയ്മനാണ് മരിച്ചത്. നെടിയിരുപ്പ് മേലേപറമ്പ് സ്വദേശികളായ ഹമീദ് - നദീറ ദമ്പതികളുടെ മകനാണ് അയ്മൻ. വീടിന് സമീപത്തെ തോട്ടിലേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു.
ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം അറായി. കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ്ട രണ്ടുപേർ മരിച്ചിരുന്നു. മണക്കാട്ട് റെജീന, മകൻ ജോസഫിൻ ജോണി എന്നിവരാണ് മരിച്ചത്.
ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.