തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഷിഗെല്ല റിപ്പോർട്ട്; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, രക്തം കലർന്ന വയറിളക്കവും പനിയും; ഷിഗെല്ല ലക്ഷണങ്ങളിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത്ഷിഗെല്ലരോഗബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് രോഗവ്യാപനം അതിവേഗത്തിലാണെന്നും മരണനിരക്കിലുണ്ടായ വര്‍ധന അതീവ ഗൗരവകരമാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ കഴിഞ്ഞ വര്‍ഷത്തെ ആകെ കണക്കുകളെയും മറികടന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെങ്കില്‍ ഈ വര്‍ഷം ഇതിനകം ആറു പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ച് മരണങ്ങളും ഈ മാസം മാത്രം സംഭവിച്ചു എന്നത് സ്ഥിതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഈ മാസം മാത്രം 91 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആറുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ പകുതിയും ഈ ജൂണ്‍ മാസത്തിലാണെന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി തുടങ്ങിയ നഗരങ്ങള്‍ക്ക് പുറമെ, ഇത്തവണ സംസ്ഥാനത്തെ മിക്ക ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ്ഷിഗെല്ലപ്രധാനമായും പകരുന്നത്. ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് കട്ടകള്‍ രോഗം പരത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഐസ് ഫാക്ടറികളില്‍ കര്‍ശന പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയാല്‍ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങളും കുത്തനെ ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതിവേഗം പടര്‍ന്നുപിടിക്കുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്ക രോഗമാണ് ഷിഗെല്ല. രോഗിയുടെ വിസര്‍ജ്യത്തിലൂടെ പുറത്തുവരുന്ന അണുക്കള്‍ ഭക്ഷണത്തിലോ വെള്ളത്തിലോ കലരുന്നത് വഴിയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗിയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കവും രോഗാണുക്കള്‍ സാന്നിധ്യമുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതും രോഗം വരാന്‍ കാരണമാകാം. രക്തം കലര്‍ന്ന വയറിളക്കം, കഠിനമായ വയറുവേദന, പനി, ഛര്‍ദ്ദി, അമിതമായ ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ഭക്ഷണത്തിന് മുമ്പും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കൃത്യമായി കഴുകുക. തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രം കുടിക്കുക. ഭക്ഷണം നന്നായി പാകം ചെയ്ത് മാത്രം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഉപ്പുവെള്ളത്തില്‍ നന്നായി കഴുകി ഉപയോഗിക്കുക.
രോഗലക്ഷണങ്ങളുള്ളവര്‍ ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കുക. ഭക്ഷണവും വെള്ളവും കേന്ദ്രീകരിച്ച് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.