അല്‍ റീം റെസ്റ്റോറന്റിൽ നിന്ന് കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കൊച്ചി: കത്രിക്കടവിലെ അൽ റീം കുഴിമന്തി റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളിൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു.
വയറുവേദന, ഛർദ്ദി, പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ നിരവധി പേർ ചികിത്സ തേടിയിരുന്നു. ഇവരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ ഉള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീകേഷ് സ്ഥിരീകരിച്ചത്.
വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ റെസ്റ്റോറന്റിൽ പരിശോധന നടത്തുകയും ഹോട്ടലിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെപ്പിക്കുകയും ചെയ്തു. റെസ്റ്റോറന്റിന്റെ ലൈസൻസ് നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. പുണിത്തുറ സ്വദേശിയുടെ പരാതിയിൽ നോർത്ത് പൊലീസ് റെസ്റ്റോറന്റിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കോർപ്പറേഷൻ വിതരണം ചെയ്ത കുടിവെള്ളത്തിലൂടെയാകാം അണുബാധ പടർന്നതെന്നാണ് ഹോട്ടൽ അധികൃതരുടെ വിശദീകരണം. എന്നാൽ, വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ രോഗബാധയുടെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.