ബുര്‍ഖ ധരിച്ചതിനാല്‍ നീറ്റ് പരീക്ഷക്ക് പ്രവേശിപ്പിച്ചില്ല; പരാതിയുമായി വിദ്യാര്‍ഥിനി
ബുര്‍ഖ ധരിച്ചതിന്റെ പേരില്‍ നീറ്റ് പരീക്ഷക്ക് പ്രവേശിപ്പിച്ചില്ലെന്ന പരാതിയുമായി വിദ്യാര്‍ഥിനി. രാജസ്ഥാനിലെ അജ്മീരില്‍ ആണ് സംഭവം. കഴിഞ്ഞ തവണയും താന്‍ ബുര്‍ഖ ധരിച്ചാണ് മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയതെന്നും ഇത്തവണ അനുവദിച്ചില്ലെന്നും കുല്‍സം ബാനോ എന്ന വിദ്യാര്‍ഥിനി പരാതിപ്പെട്ടു.
ബീവാറില്‍ നിന്നാണ് കുല്‍സം ബാനോ നീറ്റ് പരീക്ഷ എഴുതാന്‍ വന്നത്. മെയ് 3 ന് പരീക്ഷ എഴുതിയപ്പോള്‍ ഇപ്പോഴുള്ള അതേ വസ്ത്രത്തിലായിരുന്നു താനെന്നും അന്നും ബുര്‍ഖയും ദുപ്പട്ടയും ധരിച്ചിരുന്നു എന്നും വിദ്യാര്‍ഥിനി പറഞ്ഞു. ആദ്യം ദുപ്പട്ട അഴിച്ചുമാറ്റണമെന്നാണ് അധികൃത്ര്‍ ആവശ്യപ്പെട്ടത്. പിന്നീട് ബുര്‍ഖയും അഴിച്ചുമാറ്റണമെന്ന് നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി പറഞ്ഞു.
എന്‍ടിഎ പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍, ഈ ആളുകള്‍ക്ക് തങ്ങളെ തടയാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പ്രതികരിച്ചു. ഈ വസ്ത്രം ധരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പരീക്ഷ എഴുതില്ലെന്നും കുല്‍സം ബാനോ വ്യക്തമാക്കി. കേവലം 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി ഇത്തരത്തില്‍ വാശിപിടിക്കുന്നത് ലജ്ജാകരമാണ് എന്നും പരീക്ഷയല്ല, തന്നെ സംബന്ധിച്ചിടത്തോളം 'ബുര്‍ഖ'യും ഐഡന്റിറ്റിയുമാണ് പ്രധാനമെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.