'ഗര്‍ഭിണിയാണ്, ഭര്‍ത്താവിനെ കൊണ്ടുപോകരുത്'; കരഞ്ഞപേക്ഷിച്ച യുവതിയെ പൊലീസ് തള്ളിമാറ്റി; പിന്നാലെ മരണം, ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, സംഭവം യുപിയില്‍
ഫിറോസാബാദ്: കവര്‍ച്ചാ കേസില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്യാനായി പൊലീസ് കൊണ്ടുപോകുന്നത് തടഞ്ഞതിന് പിന്നാലെ എട്ട് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം.
ലഭാവ ഗ്രാമവാസിയായ അഞ്ജലി വര്‍മ്മ (28) ആണ് മരിച്ചത്. ഭര്‍ത്താവിനെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാര്‍ തള്ളിമാറ്റിയതാണ് മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
ഗ്രാമത്തിലെ ഒരു കടയില്‍ നടന്ന മോഷണത്തില്‍ സംശയിച്ചാണ് യുവതിയുടെ ഭര്‍ത്താവായ ഗൗരവിനെ ചോദ്യം ചെയ്യാനായി പൊലീസ് സംഘം വീട്ടിലെത്തി കൊണ്ടുപോയത്. ഇതിനിടെ ഭര്‍ത്താവിന്റെ കൈകള്‍ പിടിച്ച് വെച്ച് താന്‍ പൂര്‍ണ ഗര്‍ഭിണിയാണെന്നും കൊണ്ടുപോകരുതെന്നും യുവതി കരഞ്ഞ് അപേക്ഷിച്ചെങ്കിലും സ്ഥലത്തുണ്ടായ ഉന്തും തള്ളലിലുമിടയില്‍ യുവതിയെ പൊലീസുകാര്‍ തള്ളിമാറ്റുകയായിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമെന്നും ഗൗരവിന്റെ സഹോദരന്‍ പറയുന്നു.
തുടര്‍ന്ന് യുവതിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് തൊട്ടുപിന്നാലെ യുവതി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെത്തുടര്‍ന്ന് കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധം നടത്തി.
ശത്രുതയുടെ പേരില്‍ കടയുടമ വ്യാജ പരാതി നല്‍കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇയാളെ പിന്നീട് പൊലീസ് വിട്ടയച്ചു. എന്നാല്‍ തള്ളിമാറ്റിയില്ലെന്നും ഉപദ്രവിച്ചില്ലെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൃത്യമായ അന്വേഷണം നടത്താനാണ് ആറ് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്.