പാസ്‌പോർട്ട് പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന കേന്ദ്ര നിലപാടിനെതിരെ ശശി തരൂർ. പാസ്‌പോർട്ടും ആധാർ കാർഡും പൗരത്വത്തിന്റെ ഔദ്യോഗിക തെളിവായി അംഗീകരിക്കാൻ നിയമഭേദഗതി വേണമെന്ന് ആവശ്യം.
ന്യൂഡല്‍ഹി: ഇന്ത്യന്‍പാസ്പോര്‍ട്ട്ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും ഇന്ത്യന്‍ പൗരത്വത്തിന്റെ കൃത്യമായ തെളിവുകളായി അംഗീകരിക്കണമെന്നും, ഇതിനായി നിയമഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ്തരൂര്‍ഇക്കാര്യം വ്യക്തമാക്കിയത്.
പാസ്പോര്‍ട്ട് സേവാ ദിവസത്തില്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പവും രാഷ്ട്രീയ തര്‍ക്കങ്ങളും സൃഷ്ടിച്ചിരിക്കുകയാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.
1967ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം അപൂര്‍വ്വ സാഹചര്യങ്ങളില്‍ പൗരന്മാരല്ലാത്തവര്‍ക്കും പാസ്പോര്‍ട്ട് നല്‍കാം എന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഇത് സാധാരണ പൗരന്മാര്‍ക്ക് ഒട്ടും പ്രായോഗികമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കര്‍ശനമായ പൊലീസ് വെരിഫിക്കേഷനും രേഖകളുടെ പരിശോധനക്കും ശേഷമാണ് ഒരു പൗരന് പാസ്പോര്‍ട്ട് ലഭിക്കുന്നത്. എന്നിട്ടും അത് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് അസംബന്ധമായ ഒരു നിയമപരമായ വൈരുദ്ധ്യമാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി.
ആധാര്‍ കാര്‍ഡ്പൗരത്വത്തിന്റെ തെളിവല്ലെന്നും ഐഡന്റിറ്റിയുടെയും താമസസ്ഥലത്തിന്റെയും തെളിവ് മാത്രമാണെന്നും സുപ്രീം കോടതി ഇതിനകം വ്യക്തമാക്കിയിട്ടുള്ള കാര്യം തരൂര്‍ ഓര്‍മ്മിപ്പിച്ചു.
ലോകനിലവാരമുള്ള ബയോമെട്രിക് രേഖകള്‍ കൈവശമുണ്ടായിട്ടും അവയൊന്നും പൗരത്വത്തിന്റെ ഉറപ്പായി കണക്കാക്കപ്പെടാത്തത് ഇന്ത്യന്‍ പൗരന്മാരെ വലിയ ഭരണപരമായ പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ വിവാദത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി നിയമനിര്‍മാണം നടത്തണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും പൗരത്വത്തിന്റെ അന്തിമ തെളിവുകളായി നിയമഭേദഗതിയിലൂടെ അംഗീകരിക്കണം.
പൗരന്മാരല്ലാത്തവര്‍ക്ക് താമസിക്കാന്‍ നിലവില്‍ ആധാര്‍ നല്‍കുന്നുണ്ടെങ്കില്‍, അവര്‍ക്കായി വെവ്വേറെ തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള ആധാര്‍ കാര്‍ഡുകള്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കണം.
അങ്ങനെയെങ്കില്‍ സാധാരണ ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് അത് പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കാമെന്നും തരൂര്‍ നിര്‍ദേശിച്ചു. പാസ്പോര്‍ട്ടോ ആധാര്‍ കാര്‍ഡോ കൈവശമുള്ളവര്‍ക്ക് അത് പൗരത്വത്തിന്റെ ഔദ്യോഗിക തെളിവായി സ്വീകരിക്കുന്നത് തിരിച്ചറിയല്‍ രേഖകളുടെ പരിശോധന ലളിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.