ക്രൈസ്തവ ഐക്യത്തിന് ഷാർജയുടെ കരുതൽ; പുതിയ സെമിത്തേരിയും ചാപ്പലും തുറന്നു

 
2333

ഷാർജ: ഷാർജയിൽ മരണപ്പെടുന്ന വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികൾക്കായി നിർമിച്ച പുതിയ സെമിത്തേരിയും ചാപ്പലും വെഞ്ചിരിച്ചു. സതേൺ അറേബ്യയിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ക്രൈസ്തവ സമൂഹങ്ങൾക്കിടയിലുള്ള ഐക്യത്തിന്റെ പ്രതീകമായാണ് ഈ സംരംഭം വിലയിരുത്തപ്പെടുന്നത്.

ഷാർജയിലെ സജ്ജയിൽ ഇന്ത്യൻ ബോയ്സ് സ്കൂളിന് സമീപവും ഷാർജ സിമന്റ് ഫാക്ടറിക്ക് എതിർവശത്തുമായാണ് പത്ത് ഏക്കറോളം വരുന്ന സെമിത്തേരി സ്ഥിതി ചെയ്യുന്നത്. ഷാർജ ഭരണകൂടത്തിന്റെ വലിയ പിന്തുണയോടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമായത്. സെമിത്തേരിക്കായുള്ള സ്ഥലവും ചാപ്പൽ നിർമാണത്തിനാവശ്യമായ സൗകര്യങ്ങളും ഭരണകൂടം പൂർണമായും സൗജന്യമായാണ് അനുവദിച്ചത്.

ഉദ്ഘാടന സമ്മേളനത്തിൽ വിവിധ സഭാ പ്രതിനിധികൾക്ക് പുറമെ ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സഈദ് അൽ തുനൈജി, വൈദ്യുതി വിതരണ വിഭാഗം ഡയറക്ടർ ഡോ. എഞ്ചി. ഹസ്സൻ അൽ സറൂണി, ഷാർജ പൊലീസ് പ്രിവന്റീവ് സെക്യൂരിറ്റി വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ ഖാലിദ്, സ്പെഷൽ പ്രോജക്ട്സ് ഡയറക്ടർ എച്ച്. എഡ്വിൻ മരിയ അറസു എന്നിവർ പങ്കെടുത്തു.

ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, റൂളർ ഓഫീസി ചെയർമാൻ ഡോ. ശൈഖ് സാലിം ബിൻ അബ്ദു റഹ്മാൻ അൽ ഖാസിമി എന്നിവർക്ക് ഷാർജയിലെ ക്രൈസ്തവ സമൂഹം നന്ദി അറിയിച്ചു. മതസൗഹാർദ്ദത്തിനും ക്രൈസ്തവ സമൂഹത്തോടുള്ള കരുതലിനും വലിയ മാതൃകയായാണ് ഭരണകൂടത്തിന്റെ ഈ നടപടിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്.

Tags

Share this story

From Around the Web