ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍, 35 വർഷത്തിന് ശേഷം ഡെപ്യൂട്ടി സ്പീക്കർ കസേരയിലെത്തുന്ന വനിത

 
shanimol usman

തിരുവനന്തപുരം: കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ തിരഞ്ഞെടുത്തു. 99 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ഷാനിമോൾ ഈ ഉന്നത പദവിയിലേക്ക് എത്തുന്നത്. ഇടതുസ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിന് 34 വോട്ടുകളാണ് ലഭിച്ചത്. 4 പേർ വോട്ട് ചെയ്തില്ല. വോട്ടെടുപ്പിൽ നിന്ന് ബിജെപി എംഎൽഎമാർ വിട്ടുനിന്നു. സ്പീക്കറും വോട്ട് ചെയ്തില്ല.

നിയമസഭാ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന നാലാമത്തെ വനിതയാണ് ഷാനിമോൾ ഉസ്മാൻ.
ഏതാണ്ട് നാല് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ എത്തുന്നത്. 1987-ൽ ചുമതലയേറ്റ ഭാർഗ്ഗവി തങ്കപ്പന് ശേഷം ഈ പദവി പുരുഷന്മാർ മാത്രമാണ് അലങ്കരിച്ചിരുന്നത്. 1991-ൽ ഭാർഗ്ഗവി തങ്കപ്പന്റെ കാലാവധി അവസാനിച്ചതോടെ ഈ കസേരയിൽ സ്ത്രീപ്രാതിനിധ്യം ഇല്ലാതായിരുന്നു.

കേരള നിയമസഭാ ചരിത്രത്തിൽ വനിതകൾക്ക് ഡെപ്യൂട്ടി സ്പീക്കർ പദവി അന്യമായിരുന്നില്ല. കെ.ഒ. അയിഷാ ബായിയായിരുന്നു കേരള നിയമസഭയുടെ പ്രഥമ ഡെപ്യൂട്ടി സ്പീക്കർ. തുടർന്ന് 1960-ൽ നഫീസത്ത് ബീവിയും ഈ പദവിയിലെത്തി. അവർ 1964 വരെ ആ സ്ഥാനത്ത് തുടർന്നു. ആ പാരമ്പര്യത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ ഷാനിമോൾ ഉസ്മാൻ ഈ ചരിത്ര നിയോഗത്തിലേക്ക് എത്തുന്നത്.

2019-ൽ അരൂർ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ഷാനിമോൾ ഉസ്മാൻ ആദ്യമായി നിയമസഭയിലെത്തുന്നത്. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ നേരിട്ട തിരിച്ചടികൾക്ക് ശേഷം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎ ദലീമയെ 9324 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷാനിമോൾ ശക്തമായ തിരിച്ചുവരവ് നടത്തിയത്. 1960-ൽ ആലപ്പുഴയിൽ നിന്നും നഫീസത്ത് ബീവി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം, 66 വർഷങ്ങൾക്കിപ്പുറം അരൂരിൽ നിന്നും നിയമസഭയിലെത്തുന്ന വനിതാ പ്രതിനിധിയെന്ന സവിശേഷതയും ഷാനിമോൾ ഉസ്മാനുണ്ട്.

Tags

Share this story

From Around the Web