അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ കിണറുകളും പൊതു ജലസ്രോതസുകളും വൃത്തിയാക്കുന്ന സംയുക്ത യജ്ഞത്തിന് ശനിയാഴ്ച തുടക്കമിടും

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ കിണറുകളും പൊതു ജലസ്രോതസുകളും വൃത്തിയാക്കുന്ന സംയുക്ത യജ്ഞത്തിന് ശനിയാഴ്ച തുടക്കമിടും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, ജലവിഭവ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യഘട്ടമായി ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. കിണറുകൾക്ക് പുറമെ ജലസംഭരണ ടാങ്കുകൾ തേച്ച് കഴുകി വൃത്തിയാക്കും.
വീടുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ തുടങ്ങിയവയുടെ ടാങ്കുകളും വൃത്തിയാക്കണം. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ, നീന്തൽ പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വെള്ളവും ശുദ്ധീകരിക്കും.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുളങ്ങളിലും തടാകങ്ങളിലും മറ്റു ജലസ്രോതസുകളിലും അടിഞ്ഞുകൂടിയ പായലും മാലിന്യങ്ങളും നീക്കം ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഈ വർഷം 41 അമീബിക്ക് മസ്തിഷ്‌ക ജ്വരം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 18 ആക്ടീവ് കേസുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
2024ൽ 38 കേസുകളും എട്ട് മരണവുമാണ് റിപ്പോർട്ട് ചെയ്‌തത്. തുടക്കത്തിലേ കൃത്യമായി രോഗം തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിനാൽ സംസ്ഥാനത്ത് രോഗം സ്ഥീരികരിച്ച ഭൂരിഭാഗം പേരെയും രക്ഷിക്കാനായി.
ആഗോള തലത്തിൽ 97 ശതമാനം മരണനിരക്കുള്ള രോഗമാണിത്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണനിരക്ക് 25 ശതമാനമാക്കി കുറയ്ക്കാൻ ആരോഗ്യവകുപ്പിനായി.