ലജ്ജാകരം. രോഗികള്‍ കഴിയുന്നത് തടവറകള്‍ക്ക് സമാനമായ സെല്ലുകളില്‍; മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങളെന്ന് ഹൈക്കോടതി
 

 
HIGH COURT


 


കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ലംഘനങ്ങളെന്ന് ഹൈക്കോടതി. മൂന്ന് കേന്ദ്രങ്ങളിലെ പരിശോധനയില്‍ അങ്ങേയറ്റം ഞെട്ടിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയെന്നും രോഗികള്‍ കഴിയുന്നത് തടവറകള്‍ക്ക് സമാനമായ സെല്ലുകളിലെന്നും കോടതി നിരീക്ഷിച്ചു. മതിയായ സൗകര്യങ്ങളില്ലാത്തതാണ് മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണമെന്നും മനുഷ്യാവകാശ ലംഘനം തുടരുന്നത് ലജ്ജാകരമെന്നും കോടതി നിരീക്ഷിച്ചു.
'മൂന്ന് കേന്ദ്രങ്ങളിലെ പരിശോധനയില്‍ അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. രോഗികള്‍ കഴിയുന്നത് തടവറകള്‍ക്ക് സമാനമായ സെല്ലുകളിലാണ്. മതിയായ സൗകര്യങ്ങളില്ലാത്തതാണ് പലയിടങ്ങളിലെയും മനുഷ്യാവകാശ ലംഘനത്തിന് കാരണം. ' ഒട്ടുമിക്ക ഡോക്ടര്‍മാരും നഴ്‌സുമാരും നിസ്സഹായരാണെന്നും കോടതി നിരീക്ഷിച്ചു.

മരുന്ന് നല്‍കി രോഗികളെ ഉറക്കിക്കിടത്തുകയല്ല വേണ്ടത്. മനുഷ്യാവകാശ ലംഘനം തുടരുന്നത് ലജ്ജാകരം. രോഗികളെ സെല്ലില്‍ മാത്രം കിടത്താതെ പുറത്തേക്കിറക്കുകയും വേണം. പുറത്തിറങ്ങി അവര്‍ മാനസികമായി ഉല്ലസിക്കട്ടെ. രോഗികളുടെ മാനസിക സന്തോഷവും ക്ഷേമവും ഉറപ്പാക്കാന്‍ പ്രഥമ പരിഗണന നല്‍കണം. കോടതി നിര്‍ദേശിച്ചു.
'സൗകര്യങ്ങളില്ല' എന്ന കാരണം പറഞ്ഞ് രോഗികളെ സെല്ലുകളില്‍ അടയ്ക്കാനാകില്ലെന്നും ആശുപത്രികളില്‍ മതിയായ ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്നും കോടതി വ്യക്തമാക്കി.

ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ കാണിക്കണം. മാനസികാരോഗ്യ കേന്ദ്രങ്ങളുടെ സുരക്ഷ നിലവിലുള്ളതിനേക്കാള്‍ ശക്തിപ്പെടുത്തണമെന്നും ഒരാഴ്ചയ്ക്കകം വിഷയത്തില്‍ മറ്റ് നടപടികള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മാനസികാരോഗ്യകേന്ദ്രങ്ങളെ ഹാപ്പിനസ് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത ഹൈക്കോടതി, ഊളമ്പാറയിലേക്ക് പറഞ്ഞുവിടണമെന്ന് പറയുന്നതത് പൊളിറ്റിക്കലി ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web