തിരുവനന്തപുരം മൃഗശാലയിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം ശംഭു മരിച്ചു; കൂട്ടില്‍ ഇനി കാണ്ടാമൃഗങ്ങളില്ല

 
KANDAMRUGUAM


തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ആണ്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം 'ശംഭു' (39) മരിച്ചു. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്ന ശംഭു ഇന്നലെ (ഒക്ടോബര്‍ 30) രാത്രിയോടെയാണ് മരിച്ചത്. ഇതോടെ തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗങ്ങളുടെ കൂട് പൂര്‍ണ്ണമായും ശൂന്യമായി.

1993 മേയ് 19-നാണ് അസമിലെ ഗുവാഹത്തി മൃഗശാലയില്‍ നിന്ന് അഞ്ചാം വയസ്സില്‍ ശംഭുവിനെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. അസമില്‍ 'ജാദു' എന്നറിയപ്പെട്ടിരുന്ന ഇവനെ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് 'ശംഭു' എന്ന് പുനര്‍നാമകരണം ചെയ്തത്. മൂന്ന് പതിറ്റാണ്ടിലേറെയായി മൃഗശാലയിലെത്തുന്ന സന്ദര്‍ശകരുടെ പ്രിയപ്പെട്ട മൃഗങ്ങളില്‍ ഒന്നായിരുന്നു ശംഭു. 

മൃഗശാല വെറ്ററിനറി സര്‍ജന്‍ ഡോ. നികേഷ് കിരണ്‍, പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെ പത്തോളജിസ്റ്റ് ഡോ. ഹരീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ദഹിപ്പിക്കും. കാണ്ടാമൃഗങ്ങളുടെ ശരാശരി ആയുസ്സ് 35 മുതല്‍ 40 വര്‍ഷം വരെയാണ്.

Tags

Share this story

From Around the Web