കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു: യൂണിസെഫ്
കോംഗോ: ആഫ്രിക്കന്‍ രാജ്യമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ കഠിനമായ തോതില്‍ വര്‍ദ്ധിക്കുന്നുവെന്ന് യൂണിസെഫ്.
ഈയൊരു തിന്മ രാജ്യത്ത് ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്നും ഡിസംബര്‍ 30 ചൊവ്വാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലൂടെ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി ഓര്‍മ്മിപ്പിച്ചു.
2025-ന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ മാത്രം രാജ്യത്താകമാനം കുട്ടികള്‍ക്കെതിരായ ബലാത്സംഗം ഉള്‍പ്പെടെ 35.000 ലൈംഗിക അതിക്രമങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് അറിയിച്ച സംഘടന, 2024-ല്‍ ഇത്തരത്തിലുളള കേസുകള്‍ 45.000 ആയിരുന്നുവെന്നും, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം ലൈംഗിക അതിക്രമകേസുകളില്‍ നാല്‍പ്പത് ശതമാനവും കുട്ടികള്‍ക്ക് നേരെയായിരുന്നു നടന്നതെന്നും അറിയിച്ചു. ഇത് 2022-ല്‍ നടന്ന അതിക്രമങ്ങളുടെ മൂന്നിരട്ടിയായിരുന്നുവെന്ന് യൂണിസെഫ് ഓര്‍മ്മിപ്പിച്ചു.
ഈയൊരു തിന്മ രാജ്യത്തുടനീളം വ്യാപിച്ചിട്ടുണ്ടെന്നും, കൂടുതല്‍ ശക്തമായി വരികയെന്നും യൂണിസെഫ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ എഴുതി.
ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി സംഭവങ്ങള്‍ ഉണ്ടാകാമെന്നും, അതുകൊണ്ടുതന്നെ യഥാര്‍ത്ഥ കണക്കുകള്‍ ഇപ്പോള്‍ ലഭ്യമായവയിലും കൂടുതലായിരിക്കുമെന്നും സംഘടന ഓര്‍മ്മിപ്പിച്ചു.
ലൈംഗികാതിക്രമം നേരിട്ട കുട്ടികളുമായി മണിക്കൂറുകള്‍ യാത്ര ചെയ്താണ് അമ്മമാര്‍ ആശുപത്രികളിലെത്തുന്നതെന്നും, അപമാനവും പ്രതികാരനടപടികളും ഭയന്ന് പലരും ഇത്തരം ദുരുപയോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് പിന്നോക്കം പോകുന്നുണ്ടെന്നും യൂണിസെഫ് ഡയറക്ടര്‍ ജനറല്‍ കാതറിന്‍ റസ്സല്‍ പ്രസ്താവിച്ചു.
സംഘര്‍ഷങ്ങളും കുടിയിറക്കവും തുടരുന്ന തെക്കും വടക്കും കിവു പ്രദേശങ്ങളിലും ഇത്തൂരിയിലുമാണ് കൂടുതല്‍ ലൈംഗികാക്രമണകേസുകള്‍ ഉണ്ടാകുന്നതെന്ന് ശിശുക്ഷേമനിധി എഴുതി.
ദാരിദ്ര്യവും, ഭക്ഷ്യ അരക്ഷിതാവസ്ഥയും നേരിടുന്നതും, വിദ്യാഭ്യാസസാധ്യതകള്‍ കുറഞ്ഞതുമായ, കിന്‍ഷാസയിലും കസായിയിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും സംഘടന അറിയിച്ചു.
ആണ്‍കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ടെങ്കിലും, കൗമാരക്കാരായ പെണ്‍കുട്ടികളാണ് ദേശീയതലത്തില്‍ കൂടുതലായി ആക്രമണങ്ങള്‍ നേരിടുന്നതെന്ന് സംഘടന എഴുതി.
ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളായ കുട്ടികള്‍ക്ക് യൂണിസെഫ് നല്‍കിവന്നിരുന്ന സേവനങ്ങള്‍ 2022-ല്‍നിന്ന് 2024-ലെത്തിയപ്പോള്‍ 143 ശതമാനം വര്‍ദ്ധിപ്പിച്ചുവെന്നും 2024-ല്‍ മാത്രം 24.200 കുട്ടികള്‍ക്ക് തങ്ങള്‍ സഹായമേകിയെന്നും സംഘടന അറിയിച്ചു.
സംഘര്‍ഷഭരിതമേഖലകളുള്‍പ്പെടെ എല്ലായിടങ്ങളിലും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ അവസാനിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തങ്ങളുടെ പത്രക്കുറിപ്പിലൂടെ യൂണിസെഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.