ഹാലോവീന്‍ പാര്‍ട്ടിക്കിടെ ലൈംഗികാതിക്രമം: മുഴുവൻ പേരെയും ചോദ്യം ചെയ്യാൻ പോലീസ്. റിസോർട്ടിന് നോട്ടീസ് നൽകും. മദ്യവും ലഹരിയും എത്തിയതിൽ സമഗ്ര അന്വേഷണം

 
police

കൊച്ചി: ആലുവ വെളിയത്തുനാട്ടിലെ സ്വകാര്യ റിസോർട്ടിൽ സംഘടിപ്പിച്ച ഹാലോവീൻ പാർട്ടിക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ കേസിൽ അന്വേഷണം വിപുലീകരിച്ച് പോലീസ്.

 സംഭവത്തിൽ പാർട്ടിയുമായി ബന്ധപ്പെട്ട് റിസോർട്ടിൽ എത്തിയ മുഴുവൻ ആളുകളെയും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ഇതുകൂടാതെ, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ട പാർട്ടിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് റിസോർട്ട് അധികൃതർക്ക് പോലീസ് ഔദ്യോഗികമായി നോട്ടീസ് നൽകും.

പാർട്ടിയിൽ പങ്കെടുത്തവർക്ക് മദ്യം എത്തിച്ചുനൽകിയത് ആരാണെന്നും, ഇതിന് പുറമെ മറ്റേതെങ്കിലും തരത്തിലുള്ള രാസലഹരി വസ്തുക്കളുടെ ഉപയോഗം നടന്നിട്ടുണ്ടോയെന്നും പ്രത്യേക സംഘം വിശദമായി പരിശോധിക്കും.

രണ്ട് കുട്ടികളുൾപ്പെടെ കൊച്ചിയിലെ വിവിധ പ്രമുഖ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥിനികളും വിദ്യാർത്ഥികളും അടക്കം ഇരുപതോളം പേരാണ് ഹാലോവീൻ ആഘോഷങ്ങളിൽ പങ്കെടുത്തത്.

പീഡനത്തിനിരയായ പതിനഞ്ചുകാരിയുടെ വീട്ടുകാർ പോലീസിനെ സമീപിച്ച് പരാതി നൽകിയതോടെയാണ് നടുക്കുന്ന സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കോട്ടയം സ്വദേശിയായ അലക്സ് (20) എന്ന യുവാവിനെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

നവംബർ നാലിന് അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പാർട്ടി സംഘടിപ്പിച്ചതിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും സംഘാടകരെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.

Tags

Share this story

From Around the Web