ലൈംഗികാതിക്രമ കേസ്. നീലനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. നടപടി പരാതിക്കാരിയുടെ മൊഴിയിൽ ചില അവ്യക്തതകൾ ചൂണ്ടിക്കാട്ടി

കൊച്ചി: ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ മുൻമന്ത്രി ഡോ. എ. നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസൻ നാടാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.
കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ ഐഎഫ്എസ് ഉദ്യോഗസ്ഥയുടെയും മറ്റു സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് നാടാരെ വിചാരണ കോടതിയും ജില്ലാ കോടതിയും ശിക്ഷിച്ചിരുന്നത്.
എന്നാൽ പരാതിക്കാരിയുടെ മൊഴിയിൽ ചില അവ്യക്തതകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ശിക്ഷാനടപടി റദ്ദാക്കുകയായിരുന്നു.
കേരള വനംവകുപ്പിൽ ഉന്നതസ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയ്ക്കുനേരെ 1999 ഫെബ്രുവരി 27-നാണ് കേസിനാസ്പദമായ ലൈംഗികാതിക്രമമുണ്ടായത്.
ഉദ്യോഗസ്ഥയെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാൻ നേരം മോശമായി പെരുമാറുകയുമായിരുന്നു എന്നാണ് പരാതി.
2002 ഫെബ്രുവരിയിൽ നീലലോഹിതദാസനെതിരേ മുതിർന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥ പരാതി നൽകിയതോടെയാണ് ഐഎഫ്എസ് ഉദ്യോഗസ്ഥയും പരാതിയുമായി രംഗത്തെത്തിയത്.
നീലലോഹിതദാസന്റെ അപ്പീൽ അംഗീകരിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ച് ശിക്ഷ റദ്ദാക്കുകയായിരുന്നു.
ഇക്കഴിഞ്ഞയിടെ ഇതേ കേസിൽ മലപ്പുറത്തെ ഒരു വ്യാപാരിക്ക് വേണ്ടി സി.പി.എം നീലനെ കേസിൽ കുടുക്കിയെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു. എന്നാൽ പിന്നീട് ആരും ഇതേപ്പറ്റി പരാമർശം നടത്തിയില്ല.