‘ലൈംഗിക വിദ്യാഭ്യാസം 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ മാത്രം നടത്തേണ്ടതല്ല, അത് ചെറുപ്പത്തിലേ തുടങ്ങണം’; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി

 
supreme court

ഡൽഹി: ലൈംഗിക വിദ്യാഭ്യാസം 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ മാത്രം നടത്തേണ്ടതല്ലെന്നും അത് ചെറുപ്രായം മുതല്‍ തന്നെ കുട്ടികളില്‍ പഠിപ്പിക്കേണ്ടതാണെന്നുമുള്ള നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി.

ഉത്തര്‍പ്രദേശിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെട്ട കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലായിരുന്നു സുപ്രീംകോടതിയുടെ പ്രധാന നിരീക്ഷണം.

കേസില്‍ ബാലനീതി ബോര്‍ഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15കാരനായ പ്രതിയെ വിട്ടയയ്ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു.

കേസ് പരിഗണിക്കവെ ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം ഉറപ്പാക്കിയിട്ടുണ്ടോ എന്ന വിഷയത്തില്‍ സുപ്രീംകോടതി സത്യവാങ്മൂലം തേടിയിരുന്നു. 9 – 12 ക്ലാസുകളില്‍ നല്‍കുന്നുണ്ടെന്നായിരുന്നു സുപ്രീംകോടതിയുടെ സത്യവാങ്മൂലത്തിന് സര്‍ക്കാര്‍ നല്‍കിയ മറുപടി.

തുടര്‍ന്നാണ് ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായം മുതല്‍ തന്നെ നല്‍കേണ്ടതാണ് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ആണ് വിഷയത്തില്‍ നിര്‍ണായക നിരീക്ഷണം നടത്തിയത്.

“ഒൻപതാം ക്ലാസ് മുതലുള്ള കുട്ടികൾക്കല്ല ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത്. പകരം, ചെറുപ്പം മുതലേ ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നുമാണ് ഞങ്ങളുടെ അഭിപ്രായം,” ബെഞ്ച് നിരീക്ഷിച്ചു.

Tags

Share this story

From Around the Web