വാഹന ഉടമകള്‍ക്ക് കനത്ത തിരിച്ചടി; ട്രാഫിക് പിഴ അടക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

 
 supreme court


രാജ്യത്തുടനീളം ഇ-ചെല്ലാന്‍ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക 49,194 കോടി രൂപയായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി സുപ്രീം കോടതി രംഗത്ത്. പിഴ അടച്ചുതീര്‍ക്കാത്ത വാഹന ഉടമകള്‍ക്കെതിരെ റോഡുകളില്‍ കര്‍ശന പരിശോധന നടത്താനും അത്തരം വാഹനങ്ങള്‍ കണ്ടുകെട്ടാനും ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പിഴ ഒടുക്കാത്ത വാഹനങ്ങളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ 'പരിവാഹന്‍' പോര്‍ട്ടലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനം വില്‍ക്കാനോ ഉടമസ്ഥാവകാശം മാറ്റാനോ സാധിക്കാത്ത വിധം ഇത്തരം വാഹനങ്ങളെ പോര്‍ട്ടലില്‍ ബ്ലാക്ക്ലിസ്റ്റ് ചെയ്യും. കൂടാതെ, കുടിശ്ശിക തീര്‍ക്കാത്ത പക്ഷം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് ആര്‍.സി, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെയുള്ള യാതൊരുവിധ മോട്ടോര്‍ വാഹന സേവനങ്ങളും നല്‍കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.


ഇ-ചെല്ലാനുകള്‍ അയച്ചതുകൊണ്ട് മാത്രം നിയമലംഘനങ്ങള്‍ അവസാനിക്കുന്നില്ലെന്നും പിഴത്തുക കൃത്യമായി ഈടാക്കാന്‍ അധികാരികള്‍ക്ക് കഴിയണമെന്നും കോടതി നിരീക്ഷിച്ചു. വന്‍തോതില്‍ നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നത് തടയുന്നതുള്‍പ്പെടെയുള്ള കര്‍ശനമായ രീതികള്‍ നടപ്പിലാക്കാനും സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പുതിയ ഉത്തരവ് രാജ്യത്തെ ലക്ഷക്കണക്കിന് വാഹന ഉടമകള്‍ക്കാണ് കനത്ത തിരിച്ചടിയാകുന്നത്.

Tags

Share this story

From Around the Web