മദ്ധ്യസാഹേൽ പ്രദേശത്ത് എഴുപത്തിയഞ്ച് ലക്ഷം കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ട്: യൂണിസെഫ്

 
Sahel

മദ്ധ്യസാഹേൽ പ്രദേശത്ത് വസിക്കുന്ന എഴുപത്തിയഞ്ച് ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ റ്റെഡ് ചായ്ബാനാണ് പ്രദേശത്തെ കുട്ടികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളിലേക്ക് അന്താരാഷ്ട്രസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്.

നൈജർ, ബുർകിന ഫാസോ, മാലി എന്നിവിടങ്ങളിൽ ഏതാണ്ട് മുപ്പത്തിയാറ് ലക്ഷത്തോളം ആളുകളുടെ ജീവിതത്തെയാണ് പ്രദേശത്ത് തുടരുന്ന ആക്രമണങ്ങളും നിർബന്ധിത കുടിയിറക്കവും ബാധിച്ചതെന്ന് സംഘടനാനേതൃത്വം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സാഹേൽ പ്രദേശങ്ങളിൽ നടത്തിയ 14 ദിവസങ്ങൾ നീണ്ട സന്ദർശനത്തിന്റെ കൂടി പശ്ചാത്തലത്തിൽ, പ്രദേശം വലിയ അരക്ഷതവസ്ഥയും, കാലാവസ്ഥാപ്രതിസന്ധികളും, സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളുമാണ് നേരിടുന്നതെന്ന് ചായ്ബാൻ തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സാഹേൽ പ്രദേശത്ത്, കുട്ടികളുടെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത സായുധസംഘങ്ങളിൽ ചേർക്കൽ തുടങ്ങിയ 1.500 ഗുരുതരസംഭവങ്ങളെങ്കിലും ഐക്യരാഷ്ട്രസഭ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, 2025-ൽ മാത്രം 8.400 സ്‌കൂളുകൾ പ്രവേശനയോഗ്യമല്ലാതാക്കി മാറ്റിയിട്ടുണ്ടെന്നും യൂണിസെഫ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ തന്റെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

സാഹേൽ പ്രദേശത്തെ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷിതത്വം ഒരുക്കണമെന്നും, സമാധാനം പുനഃസ്ഥാപിക്കുകയും, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സഹായമെത്തിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ഒരുക്കണമെന്നും, കുടിയിറക്കപ്പെട്ടവർക്ക് തങ്ങളുടെ വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്താനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നുമാണ് അവിടുത്തെ ജനം ആഗ്രഹിക്കുന്നതെന്ന് പ്രദേശത്ത് നടത്തിയ സന്ദർശനത്തിന്റെ കൂടി അടിസ്ഥാനത്തിൽ യൂണിസെഫ് നേതൃത്വം അറിയിച്ചു.

ആഫ്രിക്കയിലെ സഹാറ മരുഭൂമിയുടെയും സുഡാനിയൻ സവാനയുടെയും മധ്യത്തിലായി സ്ഥിതി ചെയ്യുന്ന അർദ്ധ-ഊഷര പ്രദേശമായ സാഹേൽ, അറ്റ്‌ലാൻറ്റിക്ക് തീരം മുതൽ ചെങ്കടൽ തീരം വരെ നീണ്ടു കിടക്കുന്നതാണ്.

Tags

Share this story

From Around the Web