ദുരിതപ്പെയ്ത്തില്‍ സംസ്ഥാനത്ത് ഏഴ് മരണം. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത.
24 മണിക്കൂറിനുള്ളില്‍ 115 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില സാഹചര്യങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ കേരളം-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
നിലവില്‍ സംസ്ഥാനത്തുടനീളമായി പ്രവര്‍ത്തിക്കുന്ന 65 ക്യാമ്പുകളിലായി 1465 പേരാണുള്ളത്. പത്തനംതിട്ടയില്‍ 22ഉം കോട്ടയത്ത് 23 ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. അതിശക്തമായ മഴയില്‍ സംസ്ഥാനത്തെ 17 വീടുകള്‍ മുഴുവനായും 127 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
ഇന്നലെയുണ്ടായ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഏഴ് മരണമാണ് സ്ഥിരീകരിച്ചത്. ആറ് പേരെ കാണാതായി. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നും നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
മഴ കനക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന എസ്ഇടി, ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റിവെച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നടത്താനിരുന്ന തുല്യത പരീക്ഷയും മാറ്റിയിട്ടുണ്ട്.
കാസര്‍കോട്, മലപ്പുറം, വയനാട്, കോട്ടയം, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മതപഠന, ട്യൂഷന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.