ആറു മാസമായി റേഷന്‍ വാങ്ങാത്തവര്‍ക്ക് തിരിച്ചടി; സ്മാര്‍ട്ട് പിഡിഎസ് നടപ്പിലാകുന്നതോടെ ലക്ഷക്കണക്കിന് കാര്‍ഡുകള്‍ മരവിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം

 
ration store

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ 'സ്മാര്‍ട്ട് പിഡിഎസ്' പദ്ധതി അടുത്ത മാസം മുതല്‍ കേരളത്തില്‍ നടപ്പിലാകുന്നതോടെ ആറു ലക്ഷത്തിലേറെ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കപ്പെട്ടേക്കും. കഴിഞ്ഞ ആറു മാസമായി റേഷന്‍ കടകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുകളാണ് ഇതിന്റെ ഭാഗമായി മരവിപ്പിക്കുന്നത്. 

കേന്ദ്രീകൃത സംവിധാനത്തിലൂടെ റേഷന്‍ വിതരണം പൂര്‍ണ്ണമായി നിരീക്ഷിക്കുന്ന 'സ്‌കീം ഫോര്‍ മോഡനൈസേഷന്‍ ആന്‍ഡ് റിഫോംസ് ത്രൂ ടെക്‌നോളജി ഇന്‍ പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം' (സ്മാര്‍ട്ട് പിഡിഎസ്) പദ്ധതിക്കായി 2024-ലാണ് കേരളം കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

ആറു മാസത്തിലേറെയായി റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ പൂര്‍ണ്ണമായും മരവിപ്പിക്കും. തുടര്‍ന്ന് വരുന്ന മൂന്ന് മാസത്തിനകം കാര്‍ഡിലുള്ള മുഴുവന്‍ അംഗങ്ങളും ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ റേഷന്‍ വിതരണം പുനരാരംഭിക്കുകയുള്ളൂ. 

കൂടാതെ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒരേ വ്യക്തി ഒന്നിനധികം റേഷന്‍ കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഇതിലൂടെ കണ്ടെത്താനാകും. ഇത്തരക്കാരെയും താല്‍ക്കാലികമായി മരവിപ്പിച്ചു നിര്‍ത്തും. മൂന്ന് മാസത്തിനകം ഇ-കെവൈസി പൂര്‍ത്തിയാക്കി, നിലനിര്‍ത്തേണ്ട ഒരു കാര്‍ഡ് മാത്രം തിരഞ്ഞെടുത്ത ശേഷം മറ്റുള്ളവയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കേണ്ടതാണ്.


സ്മാര്‍ട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തില്‍ മഞ്ഞ, പിങ്ക് തുടങ്ങിയ മുന്‍ഗണനാ കാര്‍ഡുകളില്‍ ആറു മാസമായി റേഷന്‍ വാങ്ങാത്തവര്‍ക്കെതിരെയാകും കര്‍ശന നടപടികള്‍ ഉണ്ടാകുക. കേരളത്തില്‍ ഇത്തരം 45,000-ത്തോളം കാര്‍ഡുകളും 66,000-ത്തോളം ഗുണഭോക്താക്കളും ഉണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനുപുറമെ നീല, വെള്ള, ബ്രൗണ്‍ തുടങ്ങിയ മുന്‍ഗണനേതര വിഭാഗങ്ങളില്‍ അഞ്ചര ലക്ഷത്തിലേറെ കാര്‍ഡുകളും 15 ലക്ഷത്തോളം ഗുണഭോക്താക്കളും ഈ രീതിയില്‍ കണ്ടെത്തപ്പെട്ടിട്ടുണ്ട്.

Tags

Share this story

From Around the Web