ഓണത്തിന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് തിരിച്ചടി; കേരളത്തിലേക്കുള്ള നിരക്കുയര്‍ത്തി സ്വകാര്യബസുകള്‍

ബെംഗളൂരു: തീവണ്ടികളില്‍ ടിക്കറ്റുകള്‍ തീര്‍ന്നതോടെ സ്വകാര്യ ബസുകളില്‍ നിരക്കുയര്‍ത്തി. ബെംഗളൂരുവില്‍ നിന്ന് കേരളത്തിന്റെ തെക്കന്‍ ഭാഗത്തേക്കുള്ള ബസുകളില്‍ സാധാരണ നിരക്കിനേക്കാള്‍ ഇരട്ടിയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് മറ്റ് ദിവസങ്ങളില്‍ 1250-1500 രൂപയായിരുന്നു നിരക്കെങ്കില്‍ ഓണത്തോട് അടുത്ത ദിവസങ്ങളില്‍ 2500-3000 രൂപയാണ് ഈടാക്കുന്നത്. ഓണത്തിന് ഇനിയും രണ്ടുമാസം ബാക്കിയുണ്ടെങ്കിലും ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രധാന തീവണ്ടികളില്‍ ടിക്കറ്റ് തീര്‍ന്നിരിക്കുകയാണ്.
സെപ്റ്റംബര്‍ രണ്ട്, മൂന്ന് ദിവസങ്ങളില്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ബസുകളിലാണ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഇത്തവണ ഓണത്തിന് ഏറ്റവും കൂടുതല്‍ യാത്രാത്തിരക്ക് പ്രതീക്ഷിക്കുന്നത് ഈ ദിവസങ്ങളിലാണ്. മുന്‍ വര്‍ഷങ്ങളിലും ഓണക്കാലത്ത് സ്വകാര്യബസുകള്‍ മൂന്നിരട്ടി വരെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.
ഓണത്തിന് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ മലയാളികള്‍ എത്തുന്നത് ചെന്നൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമാണ്. ചെന്നൈയെ അപേക്ഷിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് തീവണ്ടി സര്‍വീസുകളുടെ എണ്ണം കുറവാണ്.