തമിഴ്‌നാട് സര്‍ക്കാറിന് തിരിച്ചടി; മറ്റ് സംസ്ഥാനങ്ങളിലേക്ക് കെട്ടിട നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനുള്ള വിലക്ക് റദ്ദാക്കി

 
lorry 1

തമിഴ്‌നാട്ടില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കെട്ടിട നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിനുള്ള വിലക്ക് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ക്വാറി-ലോറി ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കരിങ്കല്ല്, ജല്ലി, മണല്‍,എം സാന്‍ഡ് ഉള്‍പ്പെടെയുള്ളവ കൊണ്ടുപോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ധര്‍മാധികാരി അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ സാരമായി ബാധിച്ചിരുന്നു. ജൂലായ് ഒമ്പതിന് തമിഴ്നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരമാണ് കല്ലുകളുടെയും മറ്റ് നിര്‍മ്മാണ സാമഗ്രികളുടെയും അന്തര്‍സംസ്ഥാന ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ഇതോടെ തിരുനെല്‍വേലി, തെങ്കാശി, കന്യാകുമാരി എന്നീ ജില്ലകളില്‍ നിന്നുള്ള പാറകളുടെയും മെറ്റലുകളുടെയും വരവ് ഗണ്യമായി കുറയാന്‍ കാരണമായി. കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തിന് ആവശ്യമായ വസ്തുക്കളുടെ പ്രധാന ഉറവിടം ഈ ജില്ലകളായിരുന്നു. ആഭ്യന്തര ആവശ്യങ്ങള്‍ വര്‍ധിച്ചതും അനധികൃത ഖനനം തടയാനുമായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നിലെ കാരണം.

Tags

Share this story

From Around the Web