കാലടിയിലെ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി; പരീക്ഷ എഴുതാന്‍ അനുമതി നല്‍കാതെ ഹൈക്കോടതി, പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ഡിവിഷന്‍ ബെഞ്ച്
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ പ്രതിഷേധിച്ചതിന് സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ഡിവിഷന്‍ ബെഞ്ച് വിധിച്ചു. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ സിസ തോമസും സര്‍വകലാശാലയും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെയാണ് പരീക്ഷയെഴുതാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഞലമറ അഹീെ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതി അതിജീവിതയെ ആക്രമിച്ചു
ആവശ്യമായ ഹാജരില്ലെന്നും സൂപ്പര്‍ ഫൈനോട് കൂടി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള തീയതിയും കഴിഞ്ഞുപോയെന്നുമാണ് വിസിയുടെ വാദം. നാളെ മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നിഷേധിച്ചതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നഷ്ടമാകും.
അതേസമയം, സസ്പെന്‍ഷനെതിരെ സമരം തുടരുമെന്ന് എസ്എഫ്ഐ അറിയിച്ചു. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഇന്നുമുതല്‍ നിരാഹാര സമരം ആരംഭിച്ചു. വിസിക്കെതിരെ അവതരിപ്പിച്ച 'ലൈറ്റ് മരിച്ചു' എന്ന നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയില്‍ വീണ്ടും അവതരിപ്പിക്കും.
ആഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. രണ്ടു മാസം കഴിഞ്ഞിട്ടും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല.