പിണറായിക്ക് തിരിച്ചടി; മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരായ ഹര്‍ജി തള്ളി

 
Pinarayi vijyan



 
കൊച്ചി: മാസപ്പടിക്കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന് ഹൈക്കോടതിയില്‍ കനത്ത തിരിച്ചടി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. 

സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചില്ല. ഇതോടെ കേസില്‍ വിജിലന്‍സിന് അന്വേഷണവും മൊഴിയെടുപ്പുമായി മുന്നോട്ടുപോകാം.

സിംഗിള്‍ ബെഞ്ച് വിധിയില്‍ തന്റെ ഭാഗം കേട്ടില്ലെന്നും ഏകപക്ഷീയമായാണ് ഉത്തരവിട്ടതെന്നും ചൂണ്ടിക്കാട്ടി പിണറായി സമര്‍പ്പിച്ച ഹരജി കോടതി ഒറ്റവരിയിലാണ് തള്ളിയത്. തന്റെ വാദം കൂടി കേള്‍ക്കണമെന്ന പിണറായി വിജയന്റെ ആവശ്യം ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കാന്‍ തയ്യാറായില്ല.

മൂന്നാം കക്ഷിയായ കെ.എം ഷാജഹാന് ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ നിയമപരമായ അധികാരമില്ലെന്നും, പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ സ്വഭാവമുള്ള വിഷയം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കേണ്ടിയിരുന്നതെന്നും പിണറായിയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. ഇതിനുപുറമെ, സുപ്രിംകോടതി ഉത്തരവുകളെ തെറ്റായി വ്യാഖ്യാനിച്ചാണ് പേരെടുത്ത് പറഞ്ഞ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഈ വാദങ്ങളെല്ലാം തള്ളി.

ഡിവിഷന്‍ ബെഞ്ചില്‍നിന്നും തിരിച്ചടി നേരിട്ടതോടെ, ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കുകയോ നിലവിലെ എഫ്‌ഐആര്‍ റദ്ദാക്കാന്‍ ക്വാഷ് ഹര്‍ജി നല്‍കുകയോ ചെയ്യാനുള്ള നിയമവഴികളാണ് ഇനി മുഖ്യമന്ത്രിക്ക് മുന്നിലുള്ളത്. സുപ്രിംകോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് പിണറായി നിയമോപദേശം തേടിയതായാണ് വിവരം.

Tags

Share this story

From Around the Web