താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. സെര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി തീരുമാനിക്കും

തിരുവനന്തപുരം:താല്‍ക്കാലിക വിസി നിയമന കേസില്‍ ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ആര്‍ക്കാണ് ഉള്ളതെന്ന് ചോദിച്ച സുപ്രീംകോടതി, സെര്‍ച്ച് കമ്മിറ്റിയെ സുപ്രീംകോടതി തീരുമാനിക്കുമെന്നും അറിയിച്ചു.
സര്‍വകലാശാല ചട്ടം വായിച്ച് കേള്‍പ്പിച്ച കോടതി, ഗവര്‍ണര്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഗവര്‍ണര്‍ രൂപീകരിച്ച ബദല്‍ സെര്‍ച്ച് കമ്മിറ്റിയാണ് വിസി നിയമത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന വാദവും കോടതി അംഗീകരിച്ചു.
സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാരും ഗവര്‍ണറും 4 പേരുകള്‍ വച്ച് നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. സെര്‍ച്ച് കമ്മിറ്റിയുടെ അഭിപ്രായത്തിന് മുകളില്‍ ചാന്‍സിലര്‍ക്ക് ഇടപെടാന്‍ കഴിയില്ല.
താല്‍ക്കാലിക വിസി നിയമന കേസ് പരിഗണിക്കുന്നതിനിടയിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീംകോടതി നിര്‍ദേശം മറികടന്നും ചട്ടം ലംഘിച്ചും ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ താല്‍ക്കാലിക വിസിമാര്‍ക്ക് പുനര്‍നിയമനം നല്‍കിയ ഗവര്‍ണറുടെ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
ഡോ. സിസ തോമസിനു ഡിജിറ്റല്‍ സര്‍വകലാശാലയിലും കെ ശിവപ്രസാദിനു സാങ്കേതിക സര്‍വകലാശാലയിലും താല്‍ക്കാലിക വിസിമാരായി ആറുമാസത്തേക്കുകൂടി പുനര്‍നിയമനം നല്‍കി ആഗസ്ത് ഒന്നിനാണ് വിജ്ഞാപനമിറക്കിയത്.