ദൈവഹിതപ്രകാരം ജീവിക്കുവാന്‍ പരിശുദ്ധ അമ്മയെ മാതൃകയാക്കുക; മാര്‍ ജോസഫ് സ്രാമ്പിക്കല്‍; ഭക്തിസാന്ദ്രമായി എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം
എയ്ല്‍സ്ഫോര്‍ഡ്: വി. സൈമണ്‍ സ്റ്റോക്കിന് ഉത്തരീയം നല്‍കിക്കൊണ്ട് പരിശുദ്ധ കന്യകാമറിയം നല്‍കിയ പ്രത്യക്ഷീകരണത്തിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തിലേയ്ക്ക്, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത നടത്തിയ ഒന്‍പതാമത് എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി.
2026 മെയ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീര്‍ത്ഥാടന പതാക ഉയര്‍ത്തിയതോടുകൂടി തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. കൊടിയേറ്റിനു ശേഷം കുരിശ് വെഞ്ചരിപ്പും വിവിധ മിഷനുകളില്‍ നിന്നും എത്തിച്ച നേര്‍ച്ചകളുടെ സ്വീകരണവും നടന്നു. തുടര്‍ന്ന് 11.30 ന് രൂപതയിലെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ എയ്ല്‍സ്ഫോര്‍ഡിലെ പ്രസിദ്ധമായ ജപമാലാരാമത്തിലൂടെകര്‍മ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചു കൊണ്ടുള്ള ഭക്തിനിര്‍ഭരമായ ജപമാലപ്രദക്ഷിണം നടന്നു.
രൂപതാധ്യക്ഷനോടൊപ്പം, എയ്ല്‍സ്ഫോര്‍ഡ് പ്രയറിയിലെ വൈദികര്‍, രൂപതയിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള വൈദികര്‍, വിമന്‍സ് ഫോറം അംഗങ്ങള്‍, നിരവധിയായ മരിയഭക്തര്‍ തുടങ്ങിയവര്‍ ജപമാലപ്രദക്ഷിണത്തിന്റെ ഭാഗമായി.
ഉച്ചക്ക് 1.15 ന് വിശുദ്ധ കുര്‍ബാനക്ക് മുന്നോടിയായി മുത്തുകുടകളുടെ അകമ്പടിയോടുകൂടി ആരംഭിച്ച പ്രദക്ഷിണത്തില്‍ കര്‍മ്മലമാതാവിന്റെ സ്‌കാപുലര്‍ ധരിച്ച പ്രസുദേന്തിമാരും,അള്‍ത്താരബാലന്മാരും, കാര്‍മ്മികരായി എത്തിയ രൂപതയിലെ വൈദികരും അഭിവന്ദ്യ പിതാവും പങ്കുചേര്‍ന്നു. തീര്‍ത്ഥാടനം ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാര്‍ക്കുവേണ്ടി പ്രത്യേകപ്രാര്‍ത്ഥനയും പ്രസുദേന്തി വാഴ്ചയും നടന്നു. എയ്ല്‍സ്ഫോര്‍ഡ് പ്രയറി പ്രിയോര്‍ റവ. ഫാ. മൈക്കിള്‍ കോക്സ്, പില്‍ഗ്രിമേജ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ഷിനോജ് കളരിക്കല്‍ എന്നിവര്‍ തീര്‍ത്ഥാടനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.
അഭിവന്ദ്യ പിതാവിനോടൊപ്പം പ്രോട്ടോ-സിഞ്ചെല്ലൂസ് റവ. ഫാ. ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സിലര്‍ റവ. ഫാ. മാത്യു പിണക്കാട്ട് , റവ. ഫാ. ഷിനോജ് കളരിക്കല്‍, എയ്ല്‍സ്ഫോര്‍ഡ് മിഷന്‍ ട്രസ്റ്റിമാരായ ഷിജു ആന്റണി, സുമിന്‍ സണ്ണി എന്നിവര്‍ ചേര്‍ന്ന് തീര്‍ത്ഥാടനത്തിന്റെ തിരി തെളിയിച്ചു. തുടര്‍ന്ന് 1 .30 ന് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാന നടന്നു. സ്വര്‍ഗ്ഗാരോപിതമാതാവിന്റ ഗ്രോട്ടോയ്ക്ക് മുന്‍പില്‍ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലാണ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശ്വാസികള്‍ക്കൊപ്പം എത്തിയ വൈദികര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി.
ദൈവഹിതത്തിന് 'അതെ' എന്ന് മറുപടി നല്‍കിയ പരിശുദ്ധ അമ്മയുടെ ജീവിതം ക്രൈസ്തവരായ നമുക്കേവര്‍ക്കും ദൈവഹിതപ്രകാരം ജീവിക്കാനുള്ള ഏറ്റവും വലിയ മാതൃകയാണ്. കുറവുകളെ നിറവുകളാക്കിയ മറിയം ദൈവകൃപ നിറഞ്ഞവളായിരുന്നു. പാപക്കറകളില്ലാതെ, ദൈവിക ചൈതന്യത്തില്‍ ജീവിച്ച അമ്മയെപ്പോലെ, വിശുദ്ധിയിലും ദൈവകൃപയിലും ജീവിക്കാന്‍ അഭിവന്ദ്യ പിതാവ് തന്റെ തിരുനാള്‍ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.
വിശുദ്ധകുര്‍ബാനക്കു ശേഷം 3.30 ന് ലദീഞ്ഞും തുടര്‍ന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദക്ഷിണം നടന്നു. ലണ്ടന്‍, കാന്റര്‍ബറി റീജിയനുകളിലെ വിവിധ ഇടവകകളിലും മിഷനുകളിലും നിന്നുള്ള വോളണ്ടിയേഴ്സ് പ്രദക്ഷിണത്തിനു നേതൃത്വം നല്‍കി. വിശ്വാസികളുടെ അഭൂതപൂര്‍വമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രദക്ഷിണം അളവറ്റ ആത്മീയ അനുഭൂതിയുമാണ് തീര്‍ത്ഥാടകര്‍ക്ക് സമ്മാനിച്ചത്.
പ്രദക്ഷിണത്തിന്റെ ഒടുവില്‍ ഓപ്പണ്‍ പിയാസയുടെ മുന്നില്‍ പ്രത്യകം തയാറാക്കിയ കല്‍ക്കുരിശിന് മുന്നില്‍ സ്ലീവാവന്ദനവും തുടര്‍ന്ന് 'ഫ്‌ളോസ് കാര്‍മലി' പ്രദക്ഷിണവും നടന്നു. ഓപ്പണ്‍ പിയാസയുടെ നടുമുറ്റത്ത് തിങ്ങിനിറഞ്ഞ മരിയഭക്തരുടെയും ചാപ്പലുകള്‍ക്കു ചുറ്റും നിരന്ന മുത്തുക്കുടകളുടെയും നടുവിലൂടെ കര്‍മ്മലമാതാവിന്റെ തിരുസ്വരൂപവും സംവഹിച്ചുകൊണ്ട് പുരോഹിതര്‍ നീങ്ങിയപ്പോള്‍ കാര്‍മ്മലിലെ സൗന്ദര്യ പുഷ്പത്തിന്റെ പരിമളം നടുത്തളത്തിലാകെ നിറഞ്ഞുനിന്നു. അവിടെ ഉയര്‍ന്ന പ്രാര്‍ത്ഥനകളില്‍ ഉത്തരീയനാഥയുടെ വാഗ്ദാനത്തിലുള്ള പ്രത്യാശ നിഴലിച്ചു നിന്നു.
റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ രൂപതയിലെ വിവിധ മിഷനുകളില്‍ നിന്നുള്ള ക്വയര്‍ അംഗങ്ങള്‍ തിരുക്കര്‍മങ്ങള്‍ സംഗീത സാന്ദ്രമാക്കി. തീര്‍ത്ഥാടകര്‍ക്ക് എല്ലാ വര്‍ഷവും നല്‍കിവരാറുള്ള കര്‍മ്മലമാതാവിന്റെ ഉത്തരീയം പ്രദക്ഷിണത്തിനു ശേഷം വിതരണം ചെയ്തു. വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന റെലിക് ചാപ്പലിലും മറ്റു ചാപ്പലുകളിലും പ്രാര്‍ത്ഥനയ്ക്കും സന്ദര്‍ശനത്തിനുമായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കുമ്പസാരിക്കുന്നതിനും, നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും, കഴുന്ന്, അടിമ എന്നിവയ്ക്കും പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ മെന്‍സ് ഫോറം, വിമന്‍സ് ഫോറം, എസ്എംവൈഎം, ക്യാറ്റക്കിസം എന്നിവയുടെ ആഭിമുഖ്യത്തില്‍ മിതമായ നിരക്കില്‍ ലഘു ഭക്ഷണശാലയും, ഭക്തസാധനങ്ങളുടെ സ്റ്റാളും ഒരുക്കിയിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്കൊടുവില്‍ തീര്‍ത്ഥാടകരായി എത്തിയിട്ടുള്ള എല്ലവര്‍ക്കും സ്‌നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു.
എയ്ല്‍സ്ഫോര്‍ഡിലെ അനുഗ്രഹാരാമത്തില്‍ കര്‍മ്മലനാഥയുടെ സംരക്ഷണം തേടിയെത്തിയവര്‍ സവിശേഷമായ കൃപാദാനങ്ങള്‍ ഹൃദയങ്ങളില്‍ സ്വീകരിച്ചു മടങ്ങുന്ന അനുഗ്രഹനിമിഷങ്ങള്‍ക്കാണ് എയ്ല്‍സ്ഫോര്‍ഡ് സാക്ഷ്യം വഹിച്ചത്. ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ മിഷന്‍ ട്രസ്ടിമാര്‍, കുടുംബകൂട്ടായ്മ ഭാരവാഹികള്‍, സണ്ടേസ്‌കൂള്‍ അധ്യാപകര്‍, ഭക്ത സംഘടനകളുടെ ഭാരവാഹികള്‍, കൂടാതെ ജില്ലിങ്ഹാം, സൗത്‌ബോറോ മിഷന്‍ വോളണ്ടിയേഴ്സ്, ലണ്ടന്‍, കാന്റര്‍ബറി റീജിയനില്‍ നിന്നുള്ള ഇടവക/മിഷന്‍ ട്രസ്ടിമാര്‍ തുടങ്ങിയവര്‍ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കി.
എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം അനുഗ്രഹപ്രദവും മനോഹരവുമാക്കാന്‍ യത്‌നിച്ച ഏവര്‍ക്കും പില്‍ഗ്രിമേജ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഷിനോജ് കളരിക്കല്‍ നന്ദി അറിയിച്ചു. പത്താമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം അടുത്ത വര്‍ഷം മെയ് 29 ശനിയാഴ്ച ആയിരിക്കുമെന്ന് കോര്‍ഡിനേറ്റേഴ്സ് അറിയിച്ചു.