ദൈവദാസൻ ഫാ. തിയോഫിന്റെ (തിയോഫിനച്ചൻ) ധന്യപദവി പ്രഖ്യാപനം ഏപ്രിൽ 26-ന്

 
Theofin acgab
ദൈവസ്‌നേഹവും സഹജീവിസ്‌നേഹവും ജീവിതചര്യയാക്കി വിശുദ്ധിയുടെ പാത തെളിച്ച ദൈവദാസൻ ഫാ. തിയോഫിന്റെ (തിയോഫിനച്ചൻ) ധന്യപദവി പ്രഖ്യാപനം ഏപ്രിൽ 26-ന് നടക്കും. കൊച്ചി പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ, ധന്യപദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിൻ വൈദികനായി തിയോഫിനച്ചൻ മാറും. കെസിബിസിയുടെയും കെആര്‍എല്‍സിബിസിയുടെയും പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 10 മണിക്ക് പൊന്തിഫിക്കല്‍ സമൂഹബലിയര്‍പ്പിക്കും. ഒഎഫ്എം കപ്പൂച്ചിന്‍ പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. കാര്‍ലോ കല്ലോണി പ്രഖ്യാപനം നടത്തും. ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ വചനസന്ദേശം നല്‍കും. അസി. പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. അന്റോയിന്‍ ഹദ്ദാദ് ധന്യന്‍ തിയോഫിനച്ചന്റെ ഛായാചിത്രം അനാഛാദനം ചെയ്യും. രാവിലെ 9.30ന് തിയോഫിനച്ചന്റെ കബറിടത്തില്‍ ദീപം തെളിച്ചു പ്രാര്‍ത്ഥന നടക്കും. കോട്ടപ്പുറം രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പ്രാര്‍ത്ഥന നയിക്കും. കപ്പൂച്ചിൻ മിഷൻ ധ്യാനങ്ങളിലൂടെ വിശ്വാസികൾക്കിടയിൽ ആത്മീയ നവീകരണത്തിന് തുടക്കം കുറിച്ച വൈദികനാണ് തിയോഫിനച്ചൻ. അദ്ദേഹത്തിന്റെ സാന്നിധ്യവും ഉപദേശങ്ങളും പ്രതിസന്ധികളിൽ തളർന്നവർക്ക് വലിയ ആശ്വാസമായിരുന്നു. 2005 ജനുവരി 10-നാണ് തിയോഫിനച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ലിയോ പതിനാലാമൻ പാപ്പ ധന്യൻ പദവി അംഗീകരിച്ചുകൊണ്ടുള്ള ഡിക്രിയിൽ ഒപ്പുവെച്ചതോടെയാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് വഴിയൊരുങ്ങിയത്.

Tags

Share this story

From Around the Web