തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപിഴവ്; തുന്നിക്കെട്ടിയ മുറിവിൽ നിന്ന് രണ്ടുമാസത്തിനുശേഷം പുറത്തെടുത്തത് വൻ മരക്കഷണങ്ങൾ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപിഴവ്. മരത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സ തേടിയ രോഗിയുടെ കാലിലെ മുറിവ് കൃത്യമായി പരിശോധിക്കാതെ തുന്നിക്കെട്ടിവിട്ടു. രണ്ടുമാസത്തോളം നീണ്ട കഠിനമായ വേദനയ്‌ക്കൊടുവിൽ, മറ്റൊരു ആശുപത്രിയിൽ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ രോഗിയുടെ കാലിനുള്ളിൽ നിന്ന് വൻ മരക്കഷണങ്ങളാണ് ഡോക്ടർമാർ പുറത്തെടുത്തത്. ഭരതന്നൂർ കരിങ്കട സ്വദേശിയും മരംവെട്ട് തൊഴിലാളിയുമായ മധു (57) എന്ന വ്യക്തിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
കഴിഞ്ഞ മാർച്ച് 21-നാണ് മധു മരത്തിൽ നിന്ന് വീണ് ഇടതുകാലിന് ഗുരുതരമായി പരിക്കേൽക്കുന്നത്. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. വിശദമായി പരിശോധിച്ച ശേഷം എക്സ്റേ എടുക്കുകയും, മുറിവിലുണ്ടായിരുന്ന രണ്ട് ചെറിയ കല്ലുകൾ നീക്കം ചെയ്ത് തുന്നലുകൾ ഇടുകയും ചെയ്തു.
എന്നാൽ വീട്ടിലെത്തി ആഴ്ചകൾ കഴിഞ്ഞിട്ടും മധുവിന് അസഹ്യമായ വേദന തുടർന്നുകൊണ്ടേയിരുന്നു. നിർദ്ദേശപ്രകാരം കൃത്യമായി ഡ്രസ്സിങ് നടത്തിയിട്ടും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുപ്പ് തുടർച്ചയായി വരുകയും ചെയ്യ്തു. രണ്ടുമാസത്തോളമാണ് ഈ കഠിനവേദന മധു സഹിച്ചത്. പഴുപ്പും വേദനയും മാറാത്തതിനെ തുടർന്ന് ഒടുവിൽ ഒരു അസ്ഥിരോഗ വിദഗ്‌ദ്ധനെ കണ്ട് പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നു. ഈ പരിശോധനയിലാണ് തുന്നിക്കെട്ടിയ മുറിവിനുള്ളിൽ വലിയ മരക്കഷണങ്ങൾ കുടുങ്ങിക്കിടപ്പുണ്ടെന്ന ഞെട്ടിക്കുന്ന വിവരം കുടുംബം അറിഞ്ഞത്.
ഇതേത്തുടർന്ന് മധുവിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഒന്നര മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുകയും ചെയ്തു. മധുവിന്റെ കാലിൽ നിന്ന് ഏകദേശം 5 സെന്റീമീറ്റർ നീളവും 3 സെന്റീമീറ്റർ വീതിയുമുള്ള വലിയ മരക്കഷണമാണ് ഡോക്ടർമാർ സർജറിയിലൂടെ പുറത്തെടുത്തത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം നിലവിൽ ഐ.സി.യു-വിൽ ചികിത്സയിൽ കഴിയുകയാണ് മധു.