പി.എസ്.സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്; പുരസ്കാര ജേതാവിന് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം, പിഴവ് സമ്മതിച്ച് തിരുത്തിയതായി പി.എസ്.സി അറിയിച്ചു
തിരുവനന്തപുരം: കേരള പി.എസ്.സി പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക പഠനസഹായമായ 'പി.എസ്.സി ബുള്ളറ്റിനി'ല്‍ ഗുരുതരമായ പിഴവ്. മികച്ച തിരക്കഥാകൃത്തിന്റെ പേരിനൊപ്പം നല്‍കേണ്ടിയിരുന്ന ഫോട്ടോക്ക് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം അച്ചടിച്ചുവന്നതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. സംഭവത്തില്‍ പി.എസ്.സി പിഴവ് സമ്മതിച്ചു.
മേയ് 15ന് പുറത്തിറങ്ങിയ പി.എസ്.സി ബുള്ളറ്റിന്റെ 'സമകാലികം' വിഭാഗത്തിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്. ഉണ്ണി കെ.ആര്‍ സംവിധാനം ചെയ്ത 'എ പ്രഗ്നന്റ് വിഡോ' എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് മികച്ച തിരക്കഥാകൃത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ലഭിച്ചത് രാജേഷ് തില്ലങ്കേരിക്കാണ്.
എന്നാല്‍, അദ്ദേഹത്തിന്റെ പേരിനൊപ്പം ബുള്ളറ്റിനില്‍ അച്ചടിച്ചു വന്നത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമായിരുന്നു.
പി.എസ്.സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ കൃത്യമായ വിവരങ്ങള്‍ക്കായി ആശ്രയിക്കുന്ന പ്രസിദ്ധീകരണമാണ് പി.എസ്.സി ബുള്ളറ്റിന്‍.
ഇതില്‍ ഇത്തരമൊരു വീഴ്ചയുണ്ടായത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവം വിവാദമായതോടെ പി.എസ്.സി അധികൃതര്‍ പിഴവ് സമ്മതിച്ചു. എവിടെയാണ് പിഴവ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കിലും, തെറ്റ് പറ്റിയെന്ന് സമ്മതിച്ച അധികൃതര്‍, പ്രസ്തുത പിഴവ് തിരുത്തിയതായും അറിയിച്ചു.