സിപിഎമ്മിനെതിരെ ഒളിയമ്പുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി. ശക്തിധരന്‍. ആയങ്കിയെ പോലെ ഉള്ളവരെ തൊടണമെങ്കില്‍ തലതൊട്ടപ്പനെ  തൊടണം, അത് അചിന്ത്യമാണെന്നും ഫേസ്ബുക്ക് കുറിപ്പ്‌
 

 
SASIDHARAN

കോട്ടയം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും പോലീസ് ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് ഒളിവിൽ തുടരുന്ന ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ തേടി പോലീസ് പരക്കം പായുന്നതിനിടെ സിപിഎമ്മിനെതിരെ ഒളിയമ്പുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ ജി. ശക്തിധരൻ.

സർക്കാരിനെതിരെ പുതുതായി വന്ന് കിട്ടുന്ന അവസരം എങ്ങിനെ മുതലെടുക്കണമെന്ന് സിപിഎമ്മിന് അറിയാം. ആ യന്ത്രം പ്രവർത്തിച്ചു തുടങ്ങാൻ പോകുന്നേയുള്ളൂ. 

ആ കവചം ഒരുക്കിയാൽ ഒരു അർജ്ജുൻ ആയങ്കിയേയും തൊടാനാകില്ല.

ആയങ്കിയെ പോലെ ഉള്ളവരെ തൊടണമെങ്കിൽ തലതൊട്ടപ്പനെ തൊടണം, അത് അചിന്ത്യമാണ്. അർജ്ജുൻ ആയങ്കിമാരെ തൊട്ടാൽ ചിലർക്ക് പൊള്ളും.

ഒരു പികെ കുഞ്ഞനന്തനെ ചത്തിട്ടുള്ളൂ. ടിപിയെ കൊല്ലിച്ചവർ ഇപ്പോഴും സുരക്ഷിതരാണ്.

ഒട്ടേറെ രഹസ്യങ്ങൾ വെളിച്ചം കാണാനുണ്ടെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം.

കേരളത്തിലെ മുഖ്യമന്ത്രി അടക്കമുള്ള ഏതെങ്കിലും മന്ത്രിയുടെയോ വകുപ്പിന്റെയോ എന്തെങ്കിലും ഭരണവൈകല്യങ്ങളെയോ ഗുണദോഷങ്ങളെയോ കുറിച്ച് ഒരു വരിപോലും ഇതേവരെ എവിടെയും എഴുതിയിട്ടില്ല .

രണ്ട് മാസത്തിനുള്ളിൽ അത്ര വലിയ ഹിമാലയൻ വിഡ്ഡിത്തരങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നും കരുതുന്നില്ല. എങ്കിലും ചില താളപ്പിഴകളുണ്ട്.  

ജനങ്ങളുടെ സ്വപ്നങ്ങൾക്കൊപ്പം എത്തിപ്പിടിക്കാൻ മന്ത്രിമാർക്ക് കഴിയുന്നില്ല. മന്ത്രിമാർ നിഷ്ക്കളങ്കരാണ്. ഭരണ നൈപുണ്യം പൊതുവേ കുറവാണ്. മന്ത്രിമാർ പലരും മധുവിധു നാളിൽ പോലും ആലസ്യത്തിലാണ്. 

ഭരണയന്ത്രത്തിന്റെ കടിഞ്ഞാൺ ഇപ്പോഴും ഇടതുപക്ഷ ബ്യൂറോക്രസിയുടെ കയ്യിലാണ്. ഏത് വകുപ്പിലെ പ്രധാന കാര്യവും പാർട്ടി ഫ്രാക്ഷൻ ആണ് ഇപ്പോഴും തീരുമാനിക്കുന്നത് . 

ഇതൊന്നും മുറിച്ചുമാറ്റാൻ ഭരണപക്ഷത്തിന് കഴിഞ്ഞിട്ടില്ല.  

സെക്രട്ടറിയറ്റിൽ ഇല അനങ്ങിയാൽ എകെജി സെന്റെറിൽ അറിയാം.

സർക്കാരിനെതിരെ പുതുതായി വന്ന് കിട്ടുന്ന അവസരം എങ്ങിനെ മുതലെടുക്കണമെന്ന് സിപിഎമ്മിന് അറിയാം. ആ യന്ത്രം പ്രവർത്തിച്ചു തുടങ്ങാൻ പോകുന്നേയുള്ളൂ. 

 ആ കവചം ഒരുക്കിയാൽ ഒരു അർജ്ജുൻ ആയങ്കിയേയും തൊടാനാകില്ല.

അയാളെ തൊടണമെങ്കിൽ തലതൊട്ടപ്പനെ തൊടണം .

അത് അചിന്ത്യമാണ്. കേരളത്തിലെ ഏറ്റവും വലിയ മാഫിയ ആരാണെന്ന് കേരളത്തോട് ഒരു വ്യാഴവട്ടം മുമ്പ് മറച്ച് കെട്ടില്ലാതെ വെട്ടിത്തുറന്ന് പറഞ്ഞത് ഒരു സീനിയർ ന്യായാധിപനാണ്.

വന്ദ്യവയോധികനായ ജഡ്ജിക്ക് എതിരെ മാഫിയ തലവൻ എന്ന് ആരോപിക്കപ്പെടുന്നയാൾ മാനനഷ്ടകേസ് കൊടുത്തു .

തെളിവ് തരാം എന്നും ആരോപണത്തിൽ ഉറച്ചു നില്ക്കുന്നു എന്നും ജഡ്ജി വെല്ലുവിളിച്ചു . മാഫിയ തലവൻ എന്ന് ആരോപിക്കപ്പെട്ടയാൾ പിന്നീട് നിസങ്കോചം കോടതിയിൽ മാപ്പെഴുതി കൊടുത്ത് തടിതപ്പി.

കേസുമില്ല ഒരു പുല്ലുമില്ല. ഭരണതലവനായി സത്യപ്രതിജ്ഞ ചെയ്തു. 

ആ മാഫിയയെ പിടിച്ചിരുന്നെങ്കിൽ കൊടി സുനിമാരും അർജ്ജുൻ ആയങ്കിമാരും പൊലീസിനെ നോക്കി കൊഞ്ഞനം കുത്തില്ലായിരുന്നു .

സത്യത്തിൽ കൌശലം കൊണ്ട് നിയമത്തെ വെട്ടിച്ച് കഴിയുന്ന ഒട്ടേറെ ക്രിമിനലുകൾ നമുക്കിടയിലുണ്ട്.

പക്ഷെ തടിമിടുക്കും കയ്യൂക്കും കൊണ്ട് ഏതെങ്കിലും കായംകുളം കൊച്ചുണ്ണിക്ക് ഇക്കാലത്ത് പിടിച്ച് നിൽക്കാൻ പറ്റുമോ? ഒരിക്കലുമില്ല. എന്നിട്ടും സിപിഎമ്മി ന്റെ മറവിൽ കടലാസ് പുലികൾ വിലസുകയാണ്.

കണ്ണൂരിൽ പാർട്ടി ഗ്രാമങ്ങൾ എന്ന് ചെല്ലപ്പേരിട്ട് ഉമ്മാക്കി കാട്ടുകയാണ്. 

ഇതിന് ഉത്തരവാദി കോൺഗ്രസാണ്. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയപ്പോൾ കൊല ചെയ്തവരെയല്ലാതെ കൊല്ലിച്ചവർക്കെതിരെ അനേഷണം പോയില്ല.

അത് തടഞ്ഞത് ആരാണെന്ന് ഇനി പറഞ്ഞിട്ട് കാര്യമില്ല. അതിനുള്ള ആവത് കോൺഗ്രസിനില്ല . 

  ഇത് തന്നെയാണ് ലാവ് ലിൻ കേസിലും സംഭവിച്ചത് . കൈരളി ചാനലിന്റെ തലസ്ഥാനത്തെ ആസ്ഥാനമന്ദിരത്തിൽ പതിച്ചിട്ടുള്ള കോൺഗ്രസ് ദേശീയ നേതാവിന്റെ പേർ ഇതിന്റെ സ്മാരക ശിലയാണ്.

രണ്ട് കോൺഗ്രസ്സ് എംപിമാർ എറണാകുളത്ത് ഒരു ഉൾഗ്രാമത്തിൽ ആയൂർവേദ ചികിൽസയിൽ ആയിരുന്ന പ്രസിദ്ധ നിയമ പണ്ഡിതനെക്കൊണ്ട് ലാപ് ടോപ്പിൽ എഴുതിച്ച കത്തുമായി 10 ജനപഥിൽ എത്തിയത് എങ്ങിനെ മറക്കാനാകും?എന്ത് അന്തർധാരയായിരുന്നു അത് .

എന്താണ് കത്ത് വൈകുന്നതെന്ന് അന്ന് തലസ്ഥാനത്ത് നിന്ന് ഗുണഭോക്താക്കളിൽ ആരെങ്കിലും അക്ഷമയോടെ ഫോണിൽ വിളിച്ച് അന്വേഷിച്ചിരുന്നോ? ആ രണ്ട് എംപിമാരും ഇപ്പോഴും ജീവനോടെ ഇരിപ്പുണ്ടല്ലോ.

ഒരാൾ ഇപ്പോൾ കോൺഗ്രസിന് പുറത്തും. അവർ ഇരുവരും ദൈവവിശ്വാസികൾ അല്ലേ. ഇന്നത്തെ പ്രാർഥനയിലെങ്കിലും അതിൽ കുമ്പസരിക്കുമോ? കത്തിലെ ഓരോ വാചകവും എനിക്കറിയാം.

വേണമെങ്കിൽ ഒരു ക്ലൂ തരാം. നിഷ്ക്കളങ്കനായ മുൻ വൈദ്യുതി മന്ത്രി ജി കാർത്തികേയന്റെ പേർ എന്തിനാണ് കത്തിൽ വലിച്ചിഴച്ചത്?      

 അർജ്ജുൻ ആയങ്കിമാരെ തൊട്ടാൽ ചിലർക്ക് പൊള്ളും.ഒരു പികെ കുഞ്ഞനന്തനെ ചത്തിട്ടുള്ളൂ.ടിപിയെ കൊല്ലിച്ചവർ ഇപ്പോഴും സുരക്ഷിതരാണ്. ഒട്ടേറെ രഹസ്യങ്ങൾ വെളിച്ചം കാണാനുണ്ട്.

Tags

Share this story

From Around the Web