മുതിര്‍ന്ന ബിജെപി നേതാക്കളായ പിസി ജോര്‍ജിന്‍റെയും ഷോണ്‍ ജോര്‍ജിന്‍റെയും സഭാ വിരുദ്ധ പ്രസ്താവനകളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ കടുത്ത അമര്‍ഷം. അല്‍മായ സംഘടനകള്‍ പ്രതിഷേധത്തിന്

 
Pc

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പിസി ജോര്‍ജും മകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ഷോണ്‍ ജോര്‍ജും ഇന്ന് ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ക്കെതിരെ നടത്തിയ ഗുരുതര പരാമര്‍ശങ്ങളില്‍ സഭയ്ക്കുള്ളില്‍ കടുത്ത അതൃപ്തി.

സഭാ നേതൃത്വത്തെ അവഹേളിക്കുന്നവിധം സാമാന്യ യുക്തിക്ക് നിരക്കാത്തവിധം നടത്തിയ പരാമര്‍ശങ്ങള്‍ വിശ്വാസ സമൂഹത്തിനെതിരെയുള്ള കടുത്ത വെല്ലുവിളി ആണെന്ന വിലയിരുത്തലാണ് സഭയ്ക്കുള്ളത്. 

കത്തോലിക്കാ കോണ്‍ഗ്രസും കാത്തലിക് യൂത്ത് മൂവ്മെന്‍റും ഇതിനെതിരെ കടുത്ത പ്രതിഷേധ പരിപാടികള്‍ക്ക് ഒരുങ്ങുകയാണ്. സഭയ്ക്കെതിരായ നിക്കങ്ങളില്‍ പിസി ജോര്‍ജ് പരാമര്‍ശിച്ച ഷെവലിയര്‍ പദവി കരസ്ഥമാക്കിയിട്ടുള്ള വിസി സെബാസ്റ്റ്യനെ അല്‍മായ കമ്മീഷന്‍ സ്ഥാനത്തുനിന്നും അടിയന്തിരമായി പുറത്താക്കണമെന്ന ആവശ്യവും സഭയ്ക്കുള്ളില്‍ ശക്തമാണ്. 

സഭാ നേതൃത്വത്തിനും ബിഷപ്പുമാര്‍ക്കും എതിരെ തന്തയ്ക്ക് പിറക്കാത്തവര്‍, ഊളന്മാര്‍, നാണംകെട്ടവന്‍മാര്‍, മര്യാദ കെട്ടവന്‍മാര്‍, പോക്രിത്തരം എന്നീ പദപ്രയോഗങ്ങളാണ് ഇന്ന് രാവിലെ ചാനല്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളില്‍ പിസി ജോര്‍ജ് ഉന്നയിച്ചQത്.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് സന്യാസ സമൂഹങ്ങള്‍ക്ക് നിര്‍ദേശം നല്‍കി എന്നതാണ് ജോര്‍ജിന്‍റെ ആരോപണം. 

ഈ സാഹചര്യത്തില്‍ ബിഷപ്പ് പറയുന്ന ഊളത്തരങ്ങള്‍ കേള്‍ക്കേണ്ടെന്നും പിസി ജോര്‍ജിന് വോട്ട് ചെയ്യണമെന്നും ഷെവലിയര്‍ വിസി സെബാസ്റ്റ്യന്‍ കന്യാസ്ത്രീകളോട് പറഞ്ഞെന്നും ജോര്‍ജ് പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കിടയിലും കടുത്ത അമര്‍ഷമാണ് ഉയരുന്നത്.

രാവിലെ ഷോണ്‍ ജോര്‍ജും സഭയെ വെല്ലുവിളിക്കുന്ന വിധം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സഭയ്ക്ക് തങ്ങളെ വേണ്ടെങ്കില്‍ തങ്ങള്‍ക്ക് സഭയേയും വേണ്ടെന്നാണ് ഷോണ്‍ പറഞ്ഞത്. ബിജെപിയെ പിണക്കിയതിന്‍റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക എന്ന വെല്ലുവിളിയും പിസി ജോര്‍ജ് ഉയര്‍ത്തിയിരുന്നു.

ബിജെപി സംസ്ഥാന ഭാരവാഹികളില്‍ ചിലര്‍ ജോര്‍ജ് കുടുംബത്തിന്‍റെ പരാമര്‍ശങ്ങള്‍ തള്ളി രംഗത്തുവന്നെങ്കിലും സംസ്ഥാന പ്രസിഡ‍ന്‍റ് ഇതുവരെ പ്രതികരിക്കാത്തതില്‍ സഭയ്ക്ക് അതൃപ്തിയുണ്ട്. 

ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിനെതിരെ കടുത്ത നിലപാടുകളിലേയ്ക്ക് കടക്കാന്‍ സഭാ നേതൃത്വവും മുതിര്‍ന്നേക്കും. വരുന്ന സഭാ സിനഡില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സഭാ നേതൃത്വത്തിലെ ധാരണ.

വളരെ മുമ്പുതന്നെ സഭാ നേതൃത്വങ്ങള്‍ക്ക് അനഭിമതരായ പിസി ജോര്‍ജും ഷോണ്‍ ജോര്‍ജും സഭയുടെ ആകമാനം 'പ്രതിനിധികള്‍' ചമയുന്നതില്‍ സഭയ്ക്കുള്ളില്‍ അതൃപ്തി ഉണ്ടായിരുന്നു. ഇവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് സഭയെ കരുവാക്കുന്നു എന്ന പരാതി ബിഷപ്പുമാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. 

പാലായിലും പൂഞ്ഞാറിലും ബിജെപിക്കെതിരായ രാഷ്ട്രീയ ലൈന്‍ സഭ സ്വീകരിക്കാനിടയായ കാരണവും ഇതുതന്നെയാണെന്നാണ് സൂചന. സഭയുമായുള്ള ചര്‍ച്ചകള്‍ക്കിടയിലെല്ലാം ഇവര്‍ കയറിവരുന്നതില്‍ ബിഷപ്പുമാര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു.

Tags

Share this story

From Around the Web