സെമിനാരികള്‍ സഭയുടെ പ്രത്യാശയുടെ അടയാളങ്ങളാണ്: പാപ്പാ

 
LEO PAPA 123

സെമിനാരി വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തുന്നതില്‍ തനിക്കുള്ള അതിയായ സന്തോഷം എടുത്തുപറഞ്ഞുകൊണ്ടാണ്, ലിയോ പതിനാലാമന്‍ പാപ്പാ സ്പെയിനിലെ, അല്‍ക്കലാ ദെ എനാറെസ്, തൊളേദോ, കത്തലൂഞ്ഞ, കര്‍ത്തഹേന എന്നീ രൂപതകളില്‍ നിന്നും  റോമില്‍ എത്തിച്ചേര്‍ന്ന സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശം നല്‍കിയത്. 


സെമിനാരി എല്ലായ്‌പ്പോഴും സഭയുടെ പ്രത്യാശയുടെ അടയാളമാണെന്നു പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി. 

മനുഷ്യജീവിതം  സ്വയം അടച്ചുപൂട്ടി ജീവിക്കാനുള്ളതല്ല, മറിച്ച് ദൈവവുമായുള്ള സജീവമായ  ബന്ധത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നു പറഞ്ഞ പാപ്പാ, എന്നാല്‍  ആ ബന്ധം അവ്യക്തമാകുകയോ ദുര്‍ബലമാകുകയോ ചെയ്യുമ്പോള്‍, ജീവിതം ഉള്ളില്‍ നിന്ന് ക്രമരഹിതമാകാന്‍ തുടങ്ങുന്നുവെന്നും സെമിനാരി വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു.

ദൈവത്തെ, വാക്കുകളാല്‍ അല്ല, മറിച്ച് ആന്തരികമായി ജീവിതത്തിന്റെ ആഴങ്ങളില്‍ അനുഭവിക്കണമെന്നും, അല്ലാത്തപക്ഷം, ദൈവീക കാര്യങ്ങളുമായി പൊരുത്തപ്പെടുന്നത് ഏറെ അപകടകരമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.


 അതിനാല്‍ അയോഗ്യരായിരുന്നിട്ടും, നമ്മെ തിരഞ്ഞെടുത്ത ദൈവവുമായുള്ള അഗാധമായ ഒരു ബന്ധത്തില്‍  ജീവിക്കുവാന്‍ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.

ഒരു അമാനുഷിക നോട്ടം ഉണ്ടായിരിക്കുക എന്നതിനര്‍ത്ഥം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് രക്ഷപ്പെടുക എന്നല്ല, മറിച്ച് ദൈനംദിനജീവിതത്തിലെ  മൂര്‍ത്തമായ സംഭവങ്ങളില്‍ ദൈവത്തിന്റെ കരം  തിരിച്ചറിയാന്‍ പഠിക്കുക എന്നാണെന്നു പാപ്പാ പറഞ്ഞു. 

എന്നാല്‍ വിശ്വാസത്തോടെ ഈ യാഥാര്‍ഥ്യങ്ങളെ മനസിലാക്കുന്നില്ലെങ്കില്‍,  പഠനം, പ്രാര്‍ത്ഥന, സാമൂഹിക ജീവിതം എന്നിവയെല്ലാം വികലമായി തീരുമെന്നും അതിനാല്‍ ദൈവത്തിന്റെ സാന്നിധ്യത്തില്‍ ജീവിക്കണമെന്നും പാപ്പാ സെമിനാരിക്കാരെ ആഹ്വാനം ചെയ്തു.

ദൈവവുമായി ആഴത്തില്‍, വേരൂന്നി ജീവിക്കണമെന്നും അല്ലാത്തപക്ഷം,  വചനം പറയുന്നതുപോലെ, നാം ഉണങ്ങി പോകുമെന്നും പാപ്പാ എടുത്തു പറഞ്ഞു.


 യേശു ശിഷ്യന്മാരെ വിളിച്ചു തന്നോട് കൂടി ആയിരിക്കുവാന്‍ ക്ഷണിച്ചതുപോലെ, എല്ലാ പൗരോഹിത്യ രൂപീകരണത്തിന്റെയും അടിസ്ഥാനം, ദൈവത്തോടൊപ്പം ആയിരിക്കുക എന്നതാണെന്നും ഓര്‍മ്മിപ്പിച്ചു. 

ദൈനംദിന ജീവിതത്തിലെ സാധാരണ കാര്യങ്ങളില്‍, ദൈവത്തോടൊപ്പം ആണോ? അതോ സ്വന്തം ശക്തിയില്‍ ആശ്രയിക്കുകയാണോ ചെയ്യുന്നതെന്ന് വിചിന്തനം ചെയ്യുന്നതിനും പാപ്പാ ഏവരെയും ക്ഷണിച്ചു. 

കര്‍ത്താവിനെ അനുഗമിക്കുവാന്‍ തീരുമാനം കൈക്കൊണ്ടതില്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് സഭയുടെ നാമത്തില്‍ പാപ്പാ, നന്ദിയര്‍പ്പിക്കുകയും ചെയ്തു.

രൂപീകരണ പാതയില്‍ സഭയുടെ പ്രാര്‍ത്ഥനകളും, പിന്തുണയും പാപ്പാ അറിയിച്ചു.

Tags

Share this story

From Around the Web