'സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല'. സാമ്പത്തിക സംവരണത്തിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

 
 supreme court


ഡല്‍ഹി: സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാര്‍ കോളേജുകളിലെ അതേ നിരക്കില്‍ ഫീസ് ഈടാക്കാന്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി.

അങ്ങനെ ചെയ്താല്‍ അത്തരം സ്ഥാപനങ്ങള്‍ പൂട്ടേണ്ടി വരുമെന്നും അത് രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ണായകമായ ഈ നിരീക്ഷണം നടത്തിയത്.

രാജസ്ഥാനിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ജനറല്‍ കാറ്റഗറിയില്‍ പ്രവേശനം ലഭിച്ച സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ ഉത്തരവ്.

പ്രതിവര്‍ഷം 19 ലക്ഷം രൂപ ട്യൂഷന്‍ ഫീസ് നല്‍കാന്‍ തനിക്ക് സാമ്പത്തിക ശേഷിയില്ലെന്നും സര്‍ക്കാര്‍ നിരക്കില്‍ ഫീസ് ഈടാക്കാന്‍ കോളേജിന് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു വിദ്യാര്‍ത്ഥിയുടെ ആവശ്യം.

സര്‍ക്കാര്‍ കോളേജുകളും സ്വാശ്രയ കോളേജുകളും തമ്മില്‍ വ്യക്തമായ വ്യത്യാസമുണ്ട്. സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഭരണകൂടത്തില്‍ നിന്ന് വലിയ തോതില്‍ സബ്സിഡികള്‍ ലഭിക്കുമ്പോള്‍, സ്വകാര്യ കോളേജുകള്‍ തങ്ങളുടെ എല്ലാ ചെലവുകളും സ്വയം കണ്ടെത്തേണ്ടതുണ്ട്.

അതിനാല്‍ രണ്ട് സ്ഥാപനങ്ങളിലും ഒരേ ട്യൂഷന്‍ ഫീസ് വേണമെന്ന് ആവശ്യപ്പെടാനാകില്ല. സ്വകാര്യ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിയമവിരുദ്ധമായി ക്യാപിറ്റേഷന്‍ ഫീസ് വാങ്ങുന്നത് മാത്രമാണ് നിരോധിച്ചിട്ടുള്ളത്.

അതിനര്‍ത്ഥം അവര്‍ക്ക് ന്യായമായ ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കഴിയില്ല എന്നല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യ മേഖലയും മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവന നല്‍കുന്നുണ്ട്. അവരോട് സര്‍ക്കാര്‍ നിരക്കില്‍ ഫീസ് വാങ്ങാന്‍ ആവശ്യപ്പെട്ടാല്‍ ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാവുകയും അവര്‍ ഈ രംഗം വിട്ടുപോവുകയും ചെയ്യും. രാജ്യത്തിന് ഡോക്ടര്‍മാരെ ആവശ്യമുണ്ട്.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി വിവിധ സ്‌കോളര്‍ഷിപ്പുകളെയും സാമ്പത്തിക സഹായങ്ങളെയും ആശ്രയിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഇഡബ്ല്യുഎസ് സംവരണം പ്രവേശന ഘട്ടത്തില്‍ മാത്രമുള്ളതാണെന്നും അല്ലാതെ സ്വാശ്രയ സ്ഥാപനങ്ങളില്‍ ഇളവുകളോടെയുള്ള ഫീസിന് അത് അര്‍ഹത നല്‍കുന്നില്ലെന്നുമുള്ള രാജസ്ഥാന്‍ ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.

എങ്കിലും, ഈ കേസിലെ നിയമപരമായ വശങ്ങള്‍ ഭാവിയില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

Tags

Share this story

From Around the Web