കോംബോ ഓഫര്‍ കണ്ട് ഷവര്‍മയും ഷവായയും കഴിച്ചു! 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഭക്ഷണശാല പൂട്ടിപ്പിച്ചു

 
shawarma


തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. കടയ്ക്കാവൂര്‍ തെക്കുംഭാഗം എസ്ആര്‍വി എല്‍പി സ്‌കൂളിന് സമീപമുള്ള  ഭക്ഷണശാലയില്‍ നിന്ന് തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച 21 പേര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്. ഇതില്‍ 12 പേര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്.

കപ്പയും ബീഫും വിറ്റിരുന്ന ഈ കട പിന്നീട് ഷവര്‍മയും ഷവായയും അടക്കമുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങളിലേക്ക് മാറുകയായിരുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി 'കോംബോ ഓഫര്‍' പ്രഖ്യാപിച്ചതോടെ വലിയൊരു വിഭാഗം ആളുകളാണ് കടയിലേക്ക് എത്തിയത്. ഇങ്ങനെ ഭക്ഷണം വാങ്ങി കഴിച്ചവര്‍ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ വയറിളക്കം, ഛര്‍ദി, തലകറക്കം, ശ്വാസംമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.


രോഗബാധിതരായവരില്‍ ആറു വയസ്സുകാരി ദക്ഷിണ ഉള്‍പ്പെടെ നിരവധി പേരുണ്ട്. ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. ഇവര്‍ കഴിച്ച ഷവര്‍മയും ഷവായയും കേടായതാണോ എന്ന് സംശയിക്കുന്നു.

സംഭവത്തില്‍ കടയ്ക്കാവൂര്‍ പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ലൈസന്‍സ് ഉള്‍പ്പെടെയുള്ള മതിയായ രേഖകളില്ലാതെയാണ് ഈ ഭക്ഷണശാല പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അധികൃതര്‍ കട പൂട്ടിച്ചു.

Tags

Share this story

From Around the Web