സുരക്ഷ ഭീഷണി; നൈജീരിയന്‍ രൂപതകള്‍ ഈസ്റ്റര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം നേരെത്തെയാക്കി
അബൂജ: സുരക്ഷ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നൈജീരിയയിലെ വിവിധ കത്തോലിക്കാ രൂപതകളില്‍ ഈസ്റ്റര്‍ ജാഗരണ ദിനത്തിലെ വിശുദ്ധ കുര്‍ബാന നേരത്തെ ക്രമീകരിക്കുവാന്‍ തീരുമാനം.
മുന്‍ വര്‍ഷങ്ങളില്‍ രാത്രി അര്‍പ്പിച്ചുക്കൊണ്ടിരിന്ന ബലിയര്‍പ്പണം, ശനിയാഴ്ച വൈകുന്നേര സമയത്തേക്ക് മാറ്റാനാണ് വിവിധ മെത്രാന്മാര്‍ തീരുമാനമെടുത്തിരിക്കുന്നത്.
ഈസ്റ്റര്‍ ജാഗരണ വിശുദ്ധ ബലിയര്‍പ്പണം ശനിയാഴ്ച വൈകുന്നേരം 5 മണിയില്‍ നടത്തുവാന്‍ ഇടവകകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഒന്‍ഡോ രൂപത ബിഷപ്പ് ജൂഡ് അയോഡെജി അരോഗുണ്ടാഡെ പ്രസ്താവിച്ചു.
സമീപകാല യാഥാര്‍ത്ഥ്യങ്ങളും രാജ്യത്തും സംസ്ഥാനത്തും നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയും കണക്കിലെടുത്താണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വര്‍ഷം രൂപതയിലെ എല്ലാ ഇടവകകളിലും സമൂഹങ്ങളിലും ഈസ്റ്റര്‍ വിജില്‍ വൈകുന്നേരം 5 മണിക്ക് ആരംഭിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ബിഷപ്പ് ജൂഡ് പറഞ്ഞു.
മറ്റ് രൂപതകളിലും സമാനമായ നിര്‌ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'എജന്‍സിയാ ഫിദേസ്' റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈസ്റ്റര്‍ ആചരണം അടുക്കുമ്പോള്‍, ക്രൈസ്തവ സമൂഹങ്ങള്‍ക്കെതിരായ ഇസ്‌ളാമിക തീവ്രവാദി ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരികയാണ്.
കഴിഞ്ഞ ഓശാന ഞായറാഴ്ച, പ്ലേറ്റോ സംസ്ഥാനത്തിലെ ജോസ് നോര്‍ത്ത് ജില്ലയിലെ ആങ്വാന്‍ റുക്കുബ സമൂഹത്തില്‍ നടന്ന ആക്രമണത്തില്‍ കുറഞ്ഞത് 27 പേര്‍ കൊല്ലപ്പെട്ടിരിന്നു.
ക്രൈസ്തവര്‍ പരിപാവനമായി ആചരിക്കുന്ന ക്രിസ്തുമസ്, ഈസ്റ്റര്‍ ഉള്‍പ്പെടെയുള്ള ദിനനങ്ങളില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ആക്രമണം പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ ഏറെ ആശങ്കയോടെയാണ് രാജ്യത്തെ ക്രൈസ്തവര്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.