സിറിയയില്‍ സുരക്ഷാഭീഷണി രൂക്ഷമാകുന്നു; ആശങ്ക പങ്കുവച്ച് ഫ്രാന്‍സിസ്‌കന്‍ വൈദികന്‍

 
SANFRANCIXO


സിറിയയില്‍ സുരക്ഷാസാഹചര്യങ്ങള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്നും ക്രൈസ്തവസമൂഹം കടുത്ത ഭയപ്പാടിലൂടെയാണ് കടന്നുപോകുന്നതെന്നും ഫ്രാന്‍സിസ്‌കന്‍ വൈദികനായ ഫാ. ഫാദി ആസര്‍. എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന് നല്‍കിയ അഭിമുഖത്തിലാണ് നിലവില്‍ സിറിയയിലെ അലെപ്പോയില്‍ സേവനം ചെയ്യുന്ന അദ്ദേഹം രാജ്യത്തെ ദയനീയ സാഹചര്യം വ്യക്തമാക്കിയത്.

സിറിയയില്‍ ബഷാര്‍ അല്‍ അസദ് ഭരണകൂടം താഴെയിറക്കപ്പെടുകയും അഹമ്മദ് അല്‍ ഷറ പ്രസിഡന്റായി അധികാരമേല്‍ക്കുകയും ചെയ്തിട്ട് രണ്ടു വര്‍ഷത്തോളമാകുന്നെങ്കിലും രാജ്യത്ത് സ്ഥിരത കൈവന്നിട്ടില്ലെന്ന് ഫാ. ഫാദി ചൂണ്ടിക്കാട്ടി. മുന്‍ ഭരണകൂടത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥരെയും സൈനികരെയും നിലവിലെ സര്‍ക്കാര്‍ പിരിച്ചുവിട്ടതോടെ വന്‍തോതിലുള്ള തൊഴില്ലായ്മയും സാമ്പത്തിക തകര്‍ച്ചയുമാണ് രാജ്യത്തുണ്ടായിരിക്കുന്നത്.


തൊഴില്ലായ്മയും വിലക്കയറ്റവും വര്‍ധിച്ചതോടെ കൊള്ളയും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകി. മുന്‍പ് വീടുകള്‍ തുറന്നിട്ടുപോലും ഭയപ്പെടേണ്ടതില്ലാത്ത അവസ്ഥയായിരുന്നെങ്കില്‍, ഇന്ന് വീടുകളിലെ വൈദ്യുതി, വാട്ടര്‍ മീറ്ററുകള്‍ വരെ മോഷണം പോകുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ-ഓര്‍ത്തഡോക്‌സ് ദൈവാലയങ്ങള്‍ക്കും ക്രൈസ്തവ സെമിത്തേരികള്‍ക്കും നേരെ തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങളും വധഭീഷണികളും ഉണ്ടാകുന്നുണ്ട്. ദമാസ്‌കസിലെ സെന്റ് എലിയാസ് ഓര്‍ത്തഡോക്‌സ് ദൈവാലയത്തിനു നേരെ ഉണ്ടായ ആക്രമണവും ക്രിസ്ത്യാനികളോട് മതം മാറാന്‍ ആഹ്വാനം ചെയ്തുകൊണ്ട് തീവ്രവാദ സംഘങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളും വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. കടുത്ത വിവേചനവും ഭാവിയിലില്ലാത്ത അനിശ്ചിതത്വവും മൂലം നിരവധി ക്രൈസ്തവ കുടുംബങ്ങളും യുവാക്കളും രാജ്യം വിടാന്‍ നിര്‍ബന്ധിതരാവുകയാണ്.

പീഡനങ്ങളും ഭീഷണികളും വര്‍ധിക്കുമ്പോഴും സിറിയയിലെ ക്രൈസ്തവരുടെ വിശ്വാസം കൂടുതല്‍ ശക്തമാകുകയാണെന്ന് വ്യക്തമാക്കിയ ഫാ. ഫാദി, തങ്ങള്‍ക്കായി പ്രാര്‍ഥിക്കാനും സഹായിക്കാനും അന്താരാഷ്ട്ര സമൂഹത്തോടും ലോകമെമ്പാടുമുള്ള വിശ്വാസികളോടും അഭ്യര്‍ഥിച്ചു.

Tags

Share this story

From Around the Web