സുരക്ഷാ ഭീഷണി. യുഎഇ ലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുന്നു. ചില സര്‍വീസുകള്‍ വഴിതിരിച്ചുവിടും. പൗരന്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഫ്രാന്‍സ്

കുവൈത്ത് സിറ്റി : പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ ശക്തമായ സാഹചര്യത്തില്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് വിമാന കമ്പനികള്‍ യുഎഇ ലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു.
ബ്രിട്ടീഷ് എയര്‍വേയ്‌സ്, സിംഗപൂര്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ,യുണൈറ്റഡ് എയര്‍ലൈന്‍സ്, കെഎല്‍എം എന്നിവയുള്‍പ്പെടെ നിരവധി പ്രധാന അന്താരാഷ്ട്ര വിമാന കമ്പനികള്‍ ദുബായിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍കാലികമായി നിര്‍ത്തി വച്ചു.
ചില സര്‍വീസുകള്‍ വഴി തിരിച്ചു വിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ വരെ വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.
കൂടാതെ വിദേശ യാത്ര നടത്തുന്നവര്‍ക്ക് പ്രത്യേക മുന്‍കരുതല്‍ പാലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
യാത്രക്കാര്‍ അവരുടെ എയര്‍ലൈനുകളുടെ സ്റ്റാറ്റസും റീബുക്കിങ് ഒപ്ഷനുകളും പരിശോധിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കുവാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും കുവൈത്തിലെ ഫ്രഞ്ച് എംബസി ഫ്രഞ്ച് പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കുവൈത്തില്‍ കഴിയുന്ന മറ്റ് രാജ്യങ്ങളിലുമുള്ള ഫ്രഞ്ച് പൗരന്മാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും പ്രകടനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും ഫ്രഞ്ച് എംബസി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചു.
വരും ദിവസങ്ങളില്‍ ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, ഇസ്രായേല്‍, പലസ്തീന്‍ , ലെബനന്‍, സിറിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും ഫ്രഞ്ച് എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ അറിയിച്ചിട്ടുണ്ട്.