സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ : അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി. നാളെ യോഗം

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച് അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നാളെ രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം നടക്കുക. പൊലീസ് മേധാവി, ജയിൽ മേധാവി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് ഇയാൾ രക്ഷപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ ഗോവിന്ദച്ചാമിയെ പിടികൂടുകയും ചെയ്തു. കണ്ണൂര്‍ തളാപ്പറമ്പിലെ ആളൊഴിഞ്ഞ വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയുമാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഈ പശ്ചാതലത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച് അടിയന്തിര യോഗം വിളിച്ചത്.