കാനഡയിലെ ഏറ്റവും വലിയ സ്വര്‍ണക്കടത്തിന് പിന്നിലെ ഇന്ത്യക്കാരനായി തെരച്ചില്‍, ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കാനഡ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസിലെ കണ്ണിയായ സിമ്രാന്‍ പ്രീത് പനേസറിനെ പിടികൂടാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എയര്‍ കാനഡ ജീവനക്കാരനായിരുന്ന പനേസറിനെ പിടികൂടാന്‍ കനേഡിയന്‍ അന്വേഷണസംഘത്തിനൊപ്പം ഇന്ത്യന്‍ ഏജന്‍സികളും പങ്കാളികളാവുമെന്നാണ് വിവരം.
2023 ഏപ്രിലില്‍ 17 ന് ടോറന്റോ പിയേഴ്സണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന 2 കോടി ഡോളര്‍ സ്വര്‍ണക്കടത്തില്‍ പ്രധാനിയായായിരുന്നു ഇയാള്‍. എയര്‍ലൈന്‍ സംവിധാനങ്ങളില്‍ കൃത്രിമം കാണിച്ച്, 400 കിലോഗ്രാം ഭാരമുള്ള 6,600 സ്വര്‍ണ്ണക്കട്ടികള്‍ അടങ്ങിയ ചരക്ക് കയറ്റുമതി ?ഇയാള്‍ വഴിതിരിച്ചുവിടുകയും അനധികൃതമായി സംരക്ഷിക്കകയും ചെയ്‌തെന്നാണ് കേസ്. തട്ടിപ്പിന് ശേഷം ഇന്ത്യയിലേക്ക് കടന്ന പനേസറിന്റെ പേരില്‍ എട്ടുകോടിയിലധികം രൂപ എത്തിയതിന് പിന്നാലെയാണ് ഇന്ത്യയിലും അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
ഫെബ്രുവരിയില്‍ പനേസര്‍ ചണ്ഡീഗഡിലെ ഫ്‌ലാറ്റില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇവിടെയെത്തിയെങ്കിലും ഇയാള്‍ വിദഗ്ദ്ധമായി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇയാളുടെ മറ്റു ഫ്‌ലാറ്റുകളില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുകയും ഇയാള്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.
പനേസര്‍ ഇന്ത്യയിലെത്തിയതിന് ശേഷം ഹവാല ഇടപാടുകള്‍ മുഖേന പണം കൈപ്പറ്റിയെന്നും അതില്‍ വിദേശത്ത് നിന്നുള്ള കള്ളപ്പണം ഉള്‍പ്പെട്ടിരിക്കാമെന്ന സംശയവും ഇഡി ഉന്നയിച്ചിട്ടുണ്ട്. 2023 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തില്‍ ഇയാളുടെ അക്കൗണ്ടിലേക്ക് വലിയ തുകകള്‍ പല രാജ്യങ്ങളില്‍ നിന്നായി എത്തിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പണം മാത്രമാണോ ഉള്‍പെട്ടിരിക്കുന്നതെന്ന വിവരം ലഭ്യമായിട്ടില്ല.
സിമ്രാന്‍ പ്രീത് പനേസര്‍ ഇന്ത്യയില്‍ നിന്നു രക്ഷപ്പെടുന്നത് തടയാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കനേഡിയന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ക്ക് കാത്തിരിക്കുകയാണെന്നും തങ്ങളുടേതായ അന്വേഷണം നടത്തുകയാണെന്നും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. എന്നാല്‍, പനേസറിന്റെ അഭിഭാഷകസംഘം ഈ നടപടിയെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. ഇന്ത്യയില്‍ കുറ്റകൃത്യം നടന്നിട്ടില്ലെന്നും കനേഡിയന്‍ അന്വേഷണ ഏജന്‍സികളില്‍ നിന്നും ഔദ്യോഗികമായി അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും പറയുന്നു.